കോവിഡ് ബാധിച്ച് പള്ളിക്കല്‍ സ്വദേശിനി മരിച്ചു
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പട്ടമ്പി സ്വദേശിയും മരിച്ചു
ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി. പള്ളിക്കല്‍ സ്വദേശിനി നഫീസയാണ് (52) കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനേഴായി. പ്രമേഹം, രക്തസമ്മര്‍ദ്ദം, വൃക്ക സംബന്ധമായ രോഗം എന്നിവ അലട്ടിയിരുന്ന നഫീസ സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധിതയായത്. പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജൂലൈ 24നാണ് നഫീസയെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.
രോഗം സ്ഥിരീകരിച്ചതോടെ കോവിഡ് ഐസിയുവിലേക്ക് മാറ്റി. ക്രിട്ടിക്കല്‍ കെയര്‍ ടീമിന്റെ പരിശോധനയില്‍ കടുത്ത ന്യൂമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം, ടൈപ്പ് 2 പ്രമേഹം എന്നിവ കണ്ടെത്തി. രോഗിയുടെ ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് നോണ്‍ ഇന്‍വേസീവ് വെന്റിലേറ്ററിലേക്ക് മാറ്റി സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരം പ്ലാസ്മ തെറാപ്പി നല്‍കി. ചികിത്സയോട് പ്രതികരിക്കാതെ ഓഗസ്റ്റ് എട്ടിന് രാവിലെ നഫീസ മരണത്തിന് കീഴടങ്ങി. ഇവരുടെ കുടുംബാംഗങ്ങളായ നാല് പേര്‍ കോവിഡ് സ്ഥിരീകരിച്ച് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വിദഗ്ധ ചികിത്സയിലാണ്.
മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാട് ജില്ലയിലെ പട്ടാമ്പി വിളയൂര്‍ സ്വദേശിനി പാത്തുമ്മ (76) യും മരണത്തിന് കീഴടങ്ങി. കടുത്ത ശ്വാസ തടസവും വയറുവേദനയുമായാണ് ഇവര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പാത്തുമ്മയെ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരിയിലേക്ക് മാറ്റിയത്.
ക്രിട്ടിക്കല്‍ കെയര്‍ ടീമിന്റെ പരിശോധനയില്‍ കോവിഡ്, ന്യൂമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം, ടൈപ്പ് 2 പ്രമേഹം എന്നിവ കണ്ടെത്തിയതോടെ കോവിഡ് ഐസിയുവില്‍ പ്രവേശിപ്പിച്ചു. രോഗിയുടെ ആരോഗ്യ സ്ഥിതി വഷളായതോടെ നോണ്‍ ഇന്‍വേസീവ് വെന്റിലേറ്ററിലേക്ക് മാറ്റി സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരം പ്ലാസ്മ തെറാപ്പി, കടുത്ത കോവിഡ് ന്യൂമോണിയ ബാധിതര്‍ക്ക് മാത്രം കൊടുക്കുന്ന ഇഞ്ചക്ഷന്‍ റംഡസവിര്‍ എന്നിവ നല്‍കി. ചികിത്സയോട് പ്രതികരിക്കാതെ ഓഗസ്റ്റ് എട്ടിന് ഉച്ചയ്ക്ക് 1.40ന് പാത്തുമ്മ മരണത്തിന് കീഴടങ്ങുകയായിരുന്നു.
- Log in to post comments