പമ്പാ ഡാം: ജാഗ്രതാ നിര്‍ദേശം
പമ്പ ഡാമിലെ ജലനിരപ്പ് ഇന്ന് രാവിലെ ഏഴ് മണിയുടെയും എട്ട് മണിയുടെയും റീഡിംഗ് പ്രകാരം 983.45 മീറ്ററില്‍ സ്ഥിരമായി നില്‍ക്കുകയാണ്. പമ്പാ ഡാമിന്റെ പരിസര പ്രദേശങ്ങളില്‍ നേരിയ മഴയുണ്ടെങ്കിലും ജലനിരപ്പ് സ്ഥിരമായി നില്‍ക്കാന്‍ കാരണം പമ്പ റിസര്‍വോയറിനെയും കക്കി റിസര്‍വോയറിനെയും പരസ്പരം ബന്ധിപ്പിക്കുന്ന തുരങ്കത്തിലൂടെ വെള്ളം പുറംതള്ളുന്നതാണ്. ഇത്തരത്തില്‍ പമ്പയില്‍ നിന്ന് കക്കിയിലേക്ക് പുറംതള്ളുന്നത് 70 ക്യൂബിക് മീറ്റര്‍/സെക്കന്‍ഡ് വെള്ളമാണ്. നിലവില്‍ പമ്പ ഡാമിലെ വൃഷ്ടിപ്രദേശത്ത് നിന്നും ലഭിക്കുന്നതും 70 ക്യൂബിക് മീറ്റര്‍ വെള്ളമാണ്.
ചെറിയതോതില്‍ ജലം തുറന്നുവിട്ട് നിലവിലെ ജലനിരപ്പായ 983. 45 മീറ്ററില്‍ നിന്നും ബ്ലൂ അലര്‍ട്ട് ലെവല്‍ എന്ന 982 മീറ്ററില്‍ എത്തിക്കുന്നതിലൂടെ അതിശക്തമായ മഴയിലൂടെ ഡാം ലെവല്‍ എഫ്ആര്‍എല്ലിലേക്ക് ഉയര്‍ന്ന് വലിയതോതില്‍ ജലം തുറന്നു വിടേണ്ട സാഹചര്യം ഒഴിവാക്കാന്‍ സാധിക്കും. ജില്ലയില്‍ ഉച്ചയ്ക്കുശേഷം രാത്രിയും ഉള്ള ഉയര്‍ന്നതോതിലുള്ള മഴമൂലം ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന് രാത്രി ഡാം തുറന്നു വിടുന്നതിനുള്ള സാഹചര്യം ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കും. അതിനാല്‍ പമ്പാ ഡാമിന്റെ ആറു ഷട്ടറുകള്‍ 60 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി 82 ക്യുബിക് മീറ്റര്‍ / സെക്കന്റ് ജലമാണ് തുറന്നു വിടുക. ഇത്രയും ജലം ഒന്‍പത് മണിക്കൂര്‍ തുറന്നു വിടുന്നതിലൂടെ ഡാം ജലനിരപ്പ് ബ്ലൂ അലര്‍ട്ട് ലെവല്‍ ആയ 982 മീറ്ററില്‍ എത്തിക്കാന്‍ സാധിക്കും.
പുറത്തുവിടുന്ന വെള്ളം പമ്പാ നദിയിലേക്ക് ആകും ഒഴുകുക. ഈ വെള്ളം റാന്നി പ്രദേശത്ത് എത്താന്‍ ആവശ്യമായ സമയം ഏകദേശം അഞ്ചു മണിക്കൂറാണ്. ഈ സമയം നദിയിലെ ജലനിരപ്പ് 40 സെന്റിമീറ്റര്‍ ഉയരും.
പമ്പാ നദിയുടെയും കക്കാട്ട് ആറിന്റെയും തീരത്തു താമസിക്കുന്നവരും പ്രത്യേകിച്ച് റാന്നി, കോഴഞ്ചേരി, ആറന്മുള പ്രദേശവാസികളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. ജലനിരപ്പ് ഉയര്‍ന്നിട്ടുള്ളതിനാല്‍ നദികളിലും ജലാശയങ്ങളിലും വെള്ളക്കെട്ടുകളിലും ഇറങ്ങുന്നത് ഒഴിവാക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു.
- Log in to post comments