Skip to main content

കരിപ്പൂര്‍ വിമാന അപകടം: അന്വേഷണ സംഘം രൂപികരിച്ചു

 

കരിപ്പൂരില്‍ എയര്‍ ഇന്ത്യ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി താഴേക്ക് പതിച്ച് 18 പേര്‍ മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനായി പൊലീസിന്റെ നേതൃത്വത്തില്‍ സംഘം രൂപികരിച്ചു. മലപ്പുറം അഡീഷനല്‍ എസ്.പി. ജി.  സാബു വിന്റെ നേതൃത്വത്തില്‍ 30 അംഗ ടീമാണ്  രൂപീകരിച്ചത്. മലപ്പുറം ഡി.വൈ.എസ്.പി ഹരിദാസന്‍ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരിക്കും. പെരിന്തല്‍മണ്ണ എ.എസ്. പി ഹേമലത,  ഇന്‍സ്പെക്ടര്‍മാരായ ഷിബു,  കെ.എം ബിജു, സുനീഷ് പി. തങ്കച്ചന്‍,  തുടങ്ങിയവരും  സൈബര്‍ സെല്‍ അംഗങ്ങളും   ടീമില്‍ അംഗങ്ങളാണ്.

സംഭവ സ്ഥലത്തിനടുത്തു എയര്‍പോര്‍ട്ട് പെരിഫറി സെക്യൂരിറ്റി ഡ്യൂട്ടി ചെയ്തിരുന്ന രണ്ട് പേരില്‍ ഒരാളായ സി.ഐ.എസ്.എഫ് എ.എസ്.ഐയുടെ  മൊഴിയുടെ അടിസ്ഥാനത്തില്‍ എയര്‍ക്രാഫ്റ്റ് നിയമം 11,  ഇന്ത്യന്‍ ശിക്ഷാ നിയമം 337,  338,  304 എ വകുപ്പുകള്‍ പ്രകാരം (ക്രൈം നമ്പര്‍ 222/2020) കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തി വരുന്നു.

ദുബായില്‍ നിന്നും 184 യാത്രക്കാരും ആറ് ജീവനക്കാരുമായി കരിപ്പൂരിലെത്തിയ ഐ.എക്‌സ് 1344 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വെള്ളിയാഴ്ച (ഓഗസ്റ്റ് ഏഴ്) രാത്രിയാണ്  അപകടത്തില്‍പ്പെടുന്നത്. നാല് കുട്ടികളുള്‍പ്പടെ 18 പേരാണ് മരിച്ചത്. അതില്‍ രണ്ടുപേര്‍ വിമാനത്തിന്റെ  പൈലറ്റ് ദീപക് വസന്ത് സാഥേ, സഹ പൈലറ്റ് അഖിലേഷ് കുമാര്‍ എന്നിവരായിരുന്നു.

date