Skip to main content

ആറന്മുള മണ്ഡലത്തില്‍ ക്രമീകരണങ്ങള്‍ പൂര്‍ണം: വീണാ ജോര്‍ജ് എംഎല്‍എ

 

വെള്ളപ്പൊക്കത്തിനുള്ള സാധ്യത കണക്കിലെടുത്ത് ആറന്മുള നിയോജക മണ്ഡലത്തില്‍ സുസജ്ജമായ മുന്നൊരുക്കങ്ങള്‍ നടത്തിയതായി വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. കോഴഞ്ചേരി താലൂക്കിലെ ഇന്‍സിഡന്റ് റെസ്പോണ്‍സ് സിസ്റ്റത്തിന്റെ (ഐആര്‍എസ്) വീഡിയോ കോണ്‍ഫറന്‍സ് യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ. 

  താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ  മാറ്റിപ്പാര്‍പ്പിച്ചു. എഴിക്കാട് കോളനിയിലെ എല്ലാവരെയും പുനരധിവാസ ക്യാമ്പുകളിലേക്ക് മാറ്റി. സിവില്‍ ഡിഫന്‍സ്, ഫയര്‍ഫോഴ്‌സ് എന്നിവയുടെ സഹായത്തോടെയാണ് താഴ്ന്ന  പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റി പാര്‍പ്പിച്ചത്. വയോധികര്‍ മുതല്‍ കുട്ടികള്‍ വരെയുള്ളവരെയും ക്വാറന്റൈനില്‍ പ്രവേശിപ്പിക്കണ്ടവരെയും പ്രത്യേകമായി മാറ്റിപ്പാര്‍പ്പിച്ചു. 

എല്ലാ ക്യാമ്പുകളിലും സാനിറ്റൈസര്‍, മാസ്‌ക് തുടങ്ങിയവ  ഉറപ്പുവരുത്തിയിട്ടുണ്ട്. ഓരോ വകുപ്പുകളുടെയും പ്രവര്‍ത്തനം യോഗം വിലയിരുത്തി. കൊല്ലത്തു നിന്ന് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ അഞ്ചു വള്ളങ്ങള്‍ പമ്പാനദിയുടെ തീരത്ത്  വിന്യസിച്ചിട്ടുണ്ട്. ആറന്മുള മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പ്രദേശമായ ഇരവിപേരൂര്‍, കോയിപ്രം, തോട്ടപ്പുഴശ്ശേരി എന്നീ സ്ഥലങ്ങളിലും രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യം, റവന്യൂ, പോലീസ്, ഫയര്‍ഫോഴ്‌സ് എന്നീ വകുപ്പുകളുടെ സഹായത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതെന്നും വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. 

എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മി, കോഴഞ്ചേരി തഹസീല്‍ദാര്‍ കെ. ഓമനക്കുട്ടന്‍, ഡിഎം ഡെപ്യൂട്ടി തഹസീല്‍ദാര്‍ ബാബുലാല്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഐ.ആര്‍.എസ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.      

date