കാഞ്ഞങ്ങാട് തുളുച്ചേരി വയലില്‍ കൊയ്ത്തുത്സവം; മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും
കാഞ്ഞങ്ങാട്ടെ നെല്ലറയായി മാറിയ തുളുച്ചേരി വയലിലെ തരിശുനില നെല്‍കൃഷി ഇന്ന് (മാര്‍ച്ച് 11) രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷതവഹിക്കും. സി.പി.സി.ആര്‍.ഐ ഡയറക്ടര്‍ പി. ചൗഡപ്പ മുഖ്യാതിഥിയാകും.
കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷന്‍ വി.വി രമേശന്‍, അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ദാമോദരന്‍, പ്രിന്‍സിപ്പല്‍ അഗ്രിക്കല്‍ച്ചറല്‍ ഓഫീസര്‍ ആര്‍.ഉഷാ ദേവി, ബാംഗ്ലൂര്‍ എടിആര്‍ഐ ഡയറക്ടര്‍ ഡോ. പി.ചന്ദ്രഗൗഡ,കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി ഡയറക്ടര്‍ ഓഫ് എക്സ്റ്റന്‍ഷന്‍ ഡോ. ജിജു.പി അലക്‌സ്, കാഞ്ഞങ്ങാട് നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗംഗ രാധാകൃഷ്ണന്‍, അജാനൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.വി രാഘവന്‍, കൃഷിവ്ജ്ഞാന്‍ കേന്ദ്ര പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ടി.എസ് മനോജ് കുമാര്‍, കണ്ണൂര്‍ കൃഷിവിജ്ഞാന്‍ കേന്ദ്ര പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പ്രൊഫ. ഡോ. പി.ജയരാജ്, സി.രാജന്‍ പെരിയ, വേണുഗോപാലന്‍ നമ്പ്യാര്‍, കണ്ണന്‍ കുഞ്ഞി, മെട്രോ മുഹമ്മദ് ഹാജി, എന്‍.വി അരവിന്ദാക്ഷന്‍ നായര്‍, വേണുഗോപാലന്‍, സി.വി ഗംഗാധരന്‍, ശശി കുമാര്‍, ഗംഗാധരന്‍ ചാലിങ്കാല്‍, വേണുരാജ് കോടോത്ത്, കുമാരന്‍ ഐശ്വര്യ എന്നിവര്‍ പങ്കെടുക്കും.
സംസ്ഥാന സര്‍ക്കാരിന്റെ തരിശുനില നെല്‍കൃഷി വികസന പദ്ധതയുടെ ഭാഗമായി 22 വര്‍ഷമായി തരിശിട്ടിരുന്ന തുളുച്ചേരി വയലില്‍ 22 ഏക്കറില്‍ ഈ വര്‍ഷം ജനകീയ പങ്കാളിത്തത്തോടെ നെല്‍കൃഷി ഇറക്കിയത്. കൃഷി ഭവന്‍, അഗ്രോ സര്‍വീസ് സെന്റര്‍, കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം, കൃഷി വിജ്ഞാന കേന്ദ്രം, തൊഴിലുറപ്പ് പദ്ധതി, കോട്ടച്ചേരി പട്ടരെ കന്നിരാശി വയനാട്ട് കുലവന്‍ തെയ്യംകെട്ട് സംഘാടക സമിതി എന്നിവരുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമായാണ് ഈ സ്വപ്നം യാഥാര്‍ത്ഥ്യമായത്. മങ്കൊമ്പ് കൃഷി വിജ്ഞാന കേന്ദ്രം വികസിപ്പിച്ചെടുത്ത ശ്രേയസ് നെല്‍ വിത്താണ് ഇവിടെ കൃഷി ചെയ്തത്. ജല ദൗര്‍ലഭ്യം നേരിട്ട സമയത്ത് സമീപ പ്രദേശത്തെ വീട്ടുകാരുടെ സഹായത്തോടെ ജലസേചന സൗകര്യം ഒരുക്കുകയും ജൈവ രീതിയിലൂടെ മിത്ര കീടങ്ങളെ വളര്‍ത്തി കീടശല്യം തടയുകയും ചെയ്തു.
യന്ത്ര സഹായത്തോടെ ആയിരിക്കും കൊയ്ത്തും മെതിയും നടപ്പിലാക്കുക. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ തരിശുനില കൃഷി പദ്ധതി പ്രകാരം 2.125 ലക്ഷം രൂപ കൃഷി ഭവന്‍ മുഖേന ലഭ്യമാക്കുകയും 22 ഏക്കര്‍ നെല്‍കൃഷിക്ക് സബ്‌സിഡി ഇനത്തില്‍ കുമ്മായം വിതരണം ചെയ്യുകയും ചെയ്തിരുന്നു. പരിസ്ഥിതി എഞ്ചിനിയറിംഗ് ഡമോണ്‍സ്‌ട്രേഷന്‍ പദ്ധതി പ്രകാരം ആത്മ 6000 രൂപയും ലഭ്യമാക്കിയിരുന്നു.
ഇക്കുറി തെയ്യംകെട്ട് മഹോത്സവത്തിന് എത്തുന്ന മൂന്നു ലക്ഷത്തോളം പേര്‍ക്കുളള അരിയും പച്ചക്കറികളും മറ്റും കൃഷിവകുപ്പ്, കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം, കൃഷി വിജ്ഞാന കേന്ദ്രം, തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഒരുക്കുന്നത്.
- Log in to post comments