Skip to main content

1,21,424 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും പള്‍സ്  പോളിയോ ഇമ്മ്യൂണൈസേഷന്‍ ഇന്ന്

 

ജില്ലയിലെ അഞ്ചുവയസ്സില്‍ താഴെയുള്ള 1,21,424 കുട്ടികള്‍ക്ക് ഇന്നു (മാര്‍ച്ച് 11) മുതല്‍ പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കും. പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന്  (മാര്‍ച്ച് 11) രാവിലെ എട്ടിന് മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വ്വഹിക്കും. ഉഴവൂര്‍ കെ.ആര്‍.നാരായണന്‍ മെമ്മോറിയല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി അദ്ധ്യക്ഷത വഹിക്കും.  ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എന്‍. വിദ്യാധരന്‍ മുഖ്യപ്രഭാഷണം നടത്തും. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലില്ലി മാത്യു, ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി രാജു, ബ്ലോക്ക് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ആന്‍സി ജോസ്, ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ മേരി എം.ടി, മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.എന്‍. സുകുമാരന്‍ തുടങ്ങിയവര്‍ സംസാരിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് സ്വാഗതവും മാസ്സ് മീഡിയ ഓഫീസര്‍ ഡോമി ജോണ്‍ നന്ദിയും പറയും. 

 

പള്‍സ് പോളിയോ യജ്ഞത്തിന് എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ജില്ലാ മെഡിക്കല്‍ ആഫീസര്‍ അറിയിച്ചു. 1278 ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.  തുള്ളിമരുന്ന് നല്‍കാന്‍ പരിശീലനം സിദ്ധിച്ച 2596 സന്നദ്ധപ്രവര്‍ത്തകരെയും നിയോഗിച്ചിട്ടുണ്ട്. ആരോഗ്യകേന്ദ്രങ്ങള്‍, അംഗന്‍വാടികള്‍, സ്വകാര്യ ആശുപത്രികള്‍, സന്നദ്ധ സംഘടനകളുടെ കെട്ടിടങ്ങള്‍ എന്നിവയിലാണ് സാധാരണ ബൂത്തുകള്‍ പ്രവര്‍ത്തിക്കുക. രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് ബൂത്തുകള്‍ പ്രവര്‍ത്തിക്കുക. 

40 ട്രാന്‍സിറ്റ് ബൂത്തുകള്‍, 20 മൊബൈല്‍ ബൂത്തുകള്‍ എന്നിവയും 

ക്രമീകരിക്കും. റെയില്‍വെ സ്റ്റേഷന്‍, ബസ്റ്റാന്റ്, ബോട്ടുജെട്ടി എന്നിവിടങ്ങളില്‍ ട്രാന്‍സിറ്റ് ബൂത്തുകള്‍ പ്രവര്‍ത്തിക്കും. അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍, ഉത്സവസ്ഥലങ്ങള്‍, കല്യാണമണ്ഡപങ്ങള്‍ എന്നിവയുള്‍പ്പെടെ ജനങ്ങള്‍ എത്തുന്ന സ്ഥലങ്ങളില്‍ എത്തി മരുന്ന് നല്‍കുന്നതിനാണ് മൊബൈല്‍ ബൂത്തുകള്‍  ക്രമീകരിച്ചിരിക്കുന്നത്. 

10,000 വയല്‍ മരുന്നും ഐഎല്‍ആര്‍, ഡീപ്ഫ്രീസര്‍, കോള്‍ഡ് ബോക്‌സ്, വാക്‌സിന്‍ കാരിയര്‍ തുടങ്ങിയ രണ്ടായിരത്തിലധികം ശീതീകരണ ഉപാധികളും ഒരുക്കിയിട്ടുണ്ട്. അഞ്ച് ലക്ഷം വീടുകള്‍ സന്ദര്‍ശിക്കുന്നതിന് 3,000 വാളന്റിയര്‍മാര്‍ക്കും പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. അംഗന്‍വാടി പ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരാണ് വാളന്റിയര്‍മാര്‍. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ആരോഗ്യകേരളം സാമൂഹ്യക്ഷേമ വകുപ്പ്, കുടുബശ്രീ, വിദ്യാഭ്യാസവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, സാക്ഷരതാ മിഷന്‍ തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളുടെയും റോട്ടറി, ലയണ്‍സ്, റെഡ് ക്രോസ്സ്  തുടങ്ങിയ സന്നദ്ധസംഘടനകളുടെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 

മാര്‍ച്ച് 11 ന് പള്‍സ് പോളിയോ ദിനത്തില്‍ അഞ്ചുവയസ്സിനു താഴെയുളള എല്ലാ കുഞ്ഞുങ്ങള്‍ക്കും ഓരോ ഡോസ് തുള്ളിമരുന്ന് നല്‍കുന്നുവെന്ന് ഉറപ്പു വരുത്താന്‍ മാതാപിതാക്കളും ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ആഫീസര്‍ ഡോ. ജേക്കബ് വര്‍ഗ്ഗീസ് അഭ്യര്‍ത്ഥിച്ചു. 

date