Skip to main content

ഉല്‍സവച്ഛായയില്‍ പയ്യന്നൂര്‍ താലൂക്ക്  മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

വന്‍ജനപങ്കാളിത്തത്തോടെ ഉല്‍സവച്ഛായയില്‍ നടന്ന ചടങ്ങില്‍ പയ്യന്നൂര്‍ താലൂക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഒരു ജനതയുടെ ചിരകാല സ്വപ്‌നമാണ് പുതിയ താലൂക്ക് രൂപീകരണത്തിലൂടെ യാഥാര്‍ത്ഥ്യമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏതു മാനദണ്ഡം വച്ചുനോക്കിയാലും വളരെ നേരത്തേ തന്നെ രൂപീകൃതമാവേണ്ടതായിരുന്നു പയ്യന്നൂര്‍ താലൂക്ക്. എന്നാല്‍ പല കാരണങ്ങളാല്‍ അത് നടപ്പിലാവാതെ പോവുകയായിരുന്നു. ഇക്കാര്യത്തില്‍ ജനങ്ങളുടെ ആവശ്യം തികച്ചും ന്യായമാണെന്ന് കണ്ടെതിനാലാണ് പുതിയ സര്‍ക്കാര്‍ ഇതിന് മുന്തിയ പരിഗണന നല്‍കി നടപ്പിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു. 
ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമായ രീതിയില്‍ ഭരണസംവിധാനം ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പയ്യന്നൂരും കുന്നംകുളത്തും താലൂക്കുകള്‍ രൂപീകരിക്കാനുള്ള തീരുമാനം ഇതിന്റെ ഭാഗമായിരുന്നു. ഈ രംഗത്ത് കൂടുതല്‍ മാറ്റങ്ങള്‍ ആവശ്യമാണെന്നും ക്രമേണ അവ സര്‍ക്കാര്‍ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 
പയ്യന്നൂര്‍ ബോയ്‌സ് ഹൈസ്‌കൂള്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, പി.കെ. ശ്രീമതി ടീച്ചര്‍ എം.പി, എം.എല്‍.എമാരായ സി. കൃഷ്ണന്‍, ടി.വി. രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി, സബ്കലക്ടര്‍ എസ് ചന്ദ്രശേഖരന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സി സത്യപാലന്‍, വി.വി പ്രീത, ടി ലത, എ.ഡി.എം ഇ മുഹമ്മദ് യൂസുഫ്, മുന്‍ എം.എല്‍.എ പി ജയരാജന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. 
പയ്യന്നൂര്‍ താലൂക്കിലെ ആദ്യ സര്‍ട്ടിഫിക്കറ്റ് വിതരണം അഡ്വ. ശശി വട്ടക്കൊവ്വലിന് നല്‍കി മുഖ്യമന്ത്രി നിര്‍വഹിച്ചു. പെരിങ്ങോം വില്ലേജിലെ ചിറ്റടി കോളനിയിലെ ഒന്‍പത് പേര്‍ക്കുള്ള പട്ടയങ്ങള്‍ റവന്യൂ വകുപ്പ് മന്ത്രി വിതരണം ചെയ്തു. ഒളിംപിക്‌സ് താരം മാന്വല്‍ ഫ്രെഡറിക്കിന് വീടുവയ്ക്കാന്‍ കണ്ണൂര്‍ താലൂക്കിലെ പള്ളിക്കുന്ന് വില്ലേജിലെ ചാലാട് ദേശത്ത് സര്‍ക്കാര്‍ സൗജന്യമായി അനുവദിച്ച ഭൂമിയുടെ പട്ടയം മുഖ്യമന്ത്രിയില്‍ നിന്ന് അദ്ദേഹം ഏറ്റുവാങ്ങി. പുതിയ പയ്യന്നൂര്‍ താലൂക്കിന്റെ ഭൂപടം ജില്ലാ കലക്ടര്‍ പയ്യന്നൂര്‍ തഹസില്‍ദാര്‍ തുളസീധരന്‍ പിള്ളയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. 
സംസ്ഥാനത്തെ ഏറ്റവും വലിയ താലൂക്കായ തളിപ്പറമ്പും കണ്ണൂര്‍ താലൂക്കും വിഭജിച്ചാണ് പയ്യന്നൂര്‍ താലൂക്ക് രൂപീകരിച്ചിരിക്കുന്നത്. തളിപ്പറമ്പ് താലൂക്കിലെ രാമന്തളി, പയ്യന്നൂര്‍, വെള്ളൂര്‍, കോറോം, കരിവെള്ളൂര്‍, പെരളം, കാങ്കോല്‍, ആലപ്പടമ്പ, എരമം, പെരുന്തട്ട, കുറ്റൂര്‍, വെള്ളോറ, പെരിങ്ങോം, വയക്കര, തിരുമേനി, പുളിങ്ങോം എന്നീ 16 വില്ലേജുകളും കണ്ണൂര്‍ താലൂക്കിലെ കുഞ്ഞിമംഗലം, മാടായി, ഏഴോം, ചെറുതാഴം, കടന്നപ്പള്ളി, പാണപ്പുഴ എന്നീ ആറ് വില്ലേജുകളും അടക്കം 22 വില്ലേജുകള്‍ ഉള്‍പ്പെട്ടതാണിത്. 
513.52 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള താലൂക്കില്‍ 2011-ലെ സെന്‍സസ് പ്രകാരം ജനസംഖ്യ 3,50,836 ആണ്. പയ്യന്നൂരിലെ  മിനി സിവില്‍ സ്‌റ്റേഷന്‍ കെട്ടിടത്തിലാണ് പുതിയ താലൂക്ക് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. 

date