Skip to main content

കേരളത്തിൽ ഇ-വേ ബിൽ നടപ്പാക്കും- മന്ത്രി തോമസ് ഐസക്

കേരളത്തിലെ സ്വർണനീക്കത്തിന് ഇ-വേ ബിൽ നടപ്പാക്കുമെന്ന് ധനകാര്യമന്ത്രി ഡോ: ടി.എം തോമസ് ഐസക് അറിയിച്ചു. ജി.എസ്.ടി കൗൺസിലിന്റെ സ്വർണം സംബന്ധിച്ച മന്ത്രിതല സമിതിയോഗത്തിൽ ഇന്ത്യയിലെ സ്വർണനീക്കത്തിന് ഇ-വേ ബിൽ ഏർപ്പെടുത്തണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വിവിധ സംസ്ഥാനങ്ങൾ ഇ-വേ ബില്ലിനോട് യോജിപ്പില്ല എന്നാണ് അറിയിച്ചത്. ഈ പശ്ചാത്തലത്തിൽ ഒാരോ സംസ്ഥാനത്തിനും അവരുടെ സംസ്ഥാനത്തിനുള്ളിൽ സ്വർണനീക്കത്തിന് ഇ-വേ ബിൽ നടപ്പാക്കാൻ അനുമതി വേണമെന്ന കേരളത്തിന്റെ മന്ത്രിതല ഉപസമിതി അംഗീകരിക്കുകയായിരുന്നു. ജി.എസ്.ടി കൗൺസിലിന്റെ സ്വർണം സംബന്ധിച്ച മന്ത്രിതല സമിതിയോഗത്തിനുശേഷമാണ് ധനകാര്യമന്ത്രി തീരുമാനം അറിയിച്ചത്. കേരളത്തിൽ ഇ-വേ ബിൽ നടപ്പാക്കുന്നത് സംബന്ധിച്ച ചട്ടങ്ങൾ തയാറാക്കി അടുത്ത യോഗത്തിൽ അവതരിപ്പിക്കും. കേരളത്തിൽ ഇ-വേ ബിൽ വരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിയമപരമല്ലാതെ െകാണ്ടുപോകുന്ന സ്വർണം പിടിച്ചെടുക്കാം. മുമ്പ് രേഖകളില്ലാത്ത സ്വർണം പിടിച്ചെടുത്താൽ മൂന്നു ശതമാനം നികുതിയും തുല്യമായ തുക പിഴയും അടച്ചാൽ സ്വർണം വിട്ടുനൽകുമായിരുന്നു. സ്വർണം പിടിച്ചെടുക്കുന്ന സാഹചര്യമുണ്ടായാൽ പിടിച്ചെടുത്ത സ്വർണത്തിന്റെ 20 ശതമാനം വിവരം നൽകുന്നവർക്ക് പാരിതോഷികമായി നൽകുമെന്നും മന്ത്രി വ്യക്തമാക്കി. വിവരംനൽകുന്നവരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും. ഇ-വേ ബിൽ വന്നാൽ സ്വർണനീക്കം കൃത്യമായി അറിയാനാകും. കൃത്യമായ രേഖകളോടെ മാത്രമേ സ്വർണം കൈമാറ്റവും നീക്കവും സാധ്യമാകൂവെന്നും മന്ത്രി അറിയിച്ചു. പി.എൻ.എക്‌സ്. 2785/2020

date