Skip to main content

ജില്ലയിലെ ആദ്യ സ്രവപരിശോധന കിയോസ്ക് ചെട്ടികാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ തുടങ്ങി

 

  • ഉദ്ഘാടനം ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി.വേണുഗോപാല്‍ നിർവഹിച്ചു

ആലപ്പുഴ : കോവിഡ് 19 സ്രവ പരിശോധനയ്ക്കായുള്ള ജില്ലയിലെ ആദ്യ കിയോസ്ക് മെഷിനുകളുടെ വിതരണോദ്ഘാടനം ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി. വേണുഗോപാൽ നിർവഹിച്ചു. ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചെട്ടികാട് സമൂഹ്യ ആരോഗ്യ കേന്ദ്രത്തിലാണ് ആദ്യ കിയോസ്‌ക് സ്ഥാപിച്ചത്.

കോവിഡ് പരിശോധനക്കാവശ്യമായ 50,000 ആന്റിജൻ കിറ്റുകൾ ജില്ല ഭരണകൂടത്തിന് നൽകിയതിനു പിന്നാലെയാണ് 23 ഡിവിഷനുകളിലേക്കുമായി സ്രവ പരിശോധന മെഷീനുകൾ ജില്ല പഞ്ചായത്ത്‌ വിതരണം ചെയ്യുന്നത്. ജില്ലയിൽ ആന്റിജൻ പരിശോധനകൾ മികച്ച രീതിയിൽ നടത്താൻ സാധിക്കുന്നുണ്ടെന്ന് ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി വേണുഗോപാൽ പറഞ്ഞു. രോഗ വ്യാപനം കൂടുതൽ ഉള്ള മേഖലകളിൽ ആരോഗ്യ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വിവിധ വകുപ്പുകളുടെ പങ്കാളിത്തവും എടുത്തു പറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു .

ഒരു ലക്ഷത്തി പതിനേഴായിരം രൂപയാണ് ഒരു കിയോസ്‌കിനായി വേണ്ടി വരുന്നത്. 23 ഡിവിഷനുകളിലും കിയോസ്കുകൾ സ്ഥാപിക്കുന്നതിനായി 25 ലക്ഷം രൂപയും ജില്ല പഞ്ചായത്ത്‌ നീക്കി വെച്ചിട്ടുണ്ട്. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടർമാർ വികസിപ്പിച്ചെടുത്ത കിയോസ്കുകൾ കെ എസ് ഡി പി യാണ് ജില്ല പഞ്ചായത്തിന് നിർമിച്ചു നൽകിയത്.

അണുനശീകരണത്തിന് പ്രത്യേക സംവിധാനം ഉള്ളതാണ് കിയോസ്ക്. ഇതിനായി നാല് അള്‍ട്രാ വയലറ്റ് (യു.വി.) യൂണിറ്റുുകള്‍ കിയോസ്കില്‍ ഘടിപ്പിച്ചിരിക്കുന്നു. കൂടാതെ സൂക്ഷ്മാണുക്കളെ ഉള്‍പ്പടെ നീക്കിയ ശേഷം മാത്രമേ വായു കിയോസ്കിന്റെ ക്യാബിനിലേക്ക് പ്രവേശിക്കൂ. സ്വാബ് ശേഖരണത്തില്‍ സുരക്ഷിതത്വം ഉറപ്പാക്കാനാണ് ഇത്തരം ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ജില്ല പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻസിങ് കമ്മിറ്റി ചെയർമാൻ അഡ്വ. കെ. ടി മാത്യു, , ആര്യാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. ഷീന സനൽകുമാർ, മാരാരിക്കുളം തെക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇന്ദിര തിലകൻ, ബ്ലോക്ക്‌ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജയൻ തോമസ്, മാരാരിക്കുളം തെക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എം. ലൈജു, ആശുപത്രി എ എം ഒ ഡോ. രേഖ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ സാദിക് തുടങ്ങിയവർ പങ്കെടുത്തു.

date