Skip to main content

കോവിഡ് വ്യാപന നിയന്ത്രണം : കടക്കരപ്പള്ളി പഞ്ചായത്തിൽ സന്നദ്ധ സേന രൂപീകരിക്കാൻ കളക്ടറുടെ നിർദ്ദേശം

ആലപ്പുഴ: കോവിഡ് രോഗവ്യാപന നിയന്ത്രണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിൻറെ  ഭാഗമായി കടക്കരപ്പള്ളി പഞ്ചായത്തിൽ കൂടുതൽ നടപടികൾ.  രോഗ വ്യാപനം രൂക്ഷമായ പഞ്ചായത്തിലെ 1, 14 വാർഡുകളിൽ രോഗവ്യാപന നിയന്ത്രണത്തിൻറെ ഭാഗമായി അടിയന്തരമായി സന്നദ്ധ സേന രൂപീകരിക്കാൻ ജില്ലാ കലക്ടർ കെ അലക്സാണ്ടറിൻറ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.  രണ്ട്‌ ദിവസത്തിനുള്ളിൽ സന്നദ്ധ സേന രൂപീകരിക്കാനായി കടക്കരപ്പള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ പത്മിനി പങ്കജാക്ഷന്റെ നേതൃത്വത്തിൽ വാർഡ്‌ മെമ്പർമാർ,  സന്നദ്ധ പ്രവർത്തകർ, കുടുംബശ്രീ സിഡിഎസ് മെമ്പർ, എന്നിങ്ങനെ ആറു പേരടങ്ങുന്ന ഒരു സംഘത്തെയും കളക്ടർ നിയോഗിച്ചു.

പഞ്ചായത്തിലെ മെഡിക്കൽ വിദ്യാർത്ഥികൾ, നഴ്സിംഗ് വിദ്യാർത്ഥികൾ, യുവജന സംഘടനകൾ, കോവിഡ് രോഗ വിമുക്തരായവർ, സന്നദ്ധ പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തിയാണ് സന്നദ്ധ സേന രൂപീകരിക്കേണ്ടത്. പ്രദേശത്തെ അണുനശീകരണം, പ്രദേശത്തെ കടകളിലേക്ക് പുറത്തു നിന്നും അവശ്യ സാധനങ്ങൾ എത്തിച്ചു കൊടുക്കൽ, സാമൂഹ്യ അടുക്കളയിലെ പങ്കാളിത്തം, വൃത്തിയാക്കൽ ജോലികൾ, പാലിയേറ്റീവ് രോഗികളുടെ പരിചരണം, പ്രദേശവാസികളുമായി
  ബന്ധപ്പെട്ട് ആവശ്യമായ സഹായങ്ങൾ , കോവിഡ് പരിശോധനക്ക്‌ പ്രദേശവാസികളെ ബോധവൽക്കരിക്കൽ  തുടങ്ങിയവ ആയിരിക്കും സന്നദ്ധ സേനയിൽ നിക്ഷിപ്തമായ ചുമതലകൾ.

സന്നദ്ധ സേനക്ക് ആവശ്യമായ പരിശീലനങ്ങൾ  ആരോഗ്യ വകുപ്പ് നൽകും. കൂടാതെ അണുനശീകരണ പ്രവർത്തനം നടത്തുന്നതിനാവശ്യമായ പരിശീലനം അഗ്നിശമന സേനയും സന്നദ്ധ സേനക്ക് നൽകും. വീടുകൾ തോറുമുള്ള ബോധവൽക്കരണം, താപനില പരിശോധന, മാസ്ക് വിതരണം എന്നിവയും ഇതിന്റെ ഭാഗമായി നടത്തും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചും പി പി ഇ കിറ്റ് ധരിച്ചുമായിരിക്കും സന്നദ്ധസേനയുടെ എല്ലാ പ്രവർത്തനങ്ങളും നടത്തുക. സന്നദ്ധ സേനക്ക് ആവശ്യമായ എല്ലാ സുരക്ഷാ ഉപകരണങ്ങളും ജില്ല ഭരണകൂടം ഉറപ്പാക്കും.

പ്രദേശത്ത് വരും ദിവസങ്ങളിൽ അഗ്നി ശമന സേനയുടെ നേതൃത്വത്തിൽ അണുനശീകരണവും നടത്തും. തുടർന്ന് സന്നദ്ധ സേനയിലെ അംഗങ്ങൾക്ക് അണുനശീകരണ പരിശീലനം നൽകും. അണുനശീകരണത്തിനുള്ള ഉപകരണം പഞ്ചായത്ത്‌ സ്വന്തമായി വാങ്ങിക്കാനും യോഗത്തിൽ തീരുമാനമായി.

യോഗത്തിൽ കടക്കരപ്പള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ പത്മിനി പങ്കജാക്ഷൻ, 1- ആം വാർഡ്‌ മെമ്പർ കുഞ്ഞപ്പൻ, 14 - ആം വാർഡ് മെമ്പർ ജെമ്മ മാത്യു, ചേർത്തല തഹസിൽദാർ ആർ ഉഷ, ഫാദർ ജോസ് രാജു കളത്തിൽ, മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ സൈറു ഫിലിപ്പ്, മെഡിക്കൽ ഓഫീസർ ആശ, സന്നദ്ധ പ്രവർത്തകരായ മാർട്ടിൻ, സ്റ്റാലിൻ, വിനിൽ കുമാർ, പഞ്ചായത്ത്‌ സെക്രട്ടറി ബാബു, പോലീസ്, അഗ്നി ശമന സേന ഉദ്യോഗസ്ഥർ  തുടങ്ങിയവർ പങ്കെടുത്തു.
 

date