Skip to main content

സ്വാതന്ത്ര്യദിനം: ജില്ലാപോലീസ് ആസ്ഥാനത്ത് പതാക ഉയര്‍ത്തി

        സ്വാതന്ത്ര്യദിനത്തില്‍ പത്തനംതിട്ട ജില്ലാപോലീസ് ആസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്തി. രാവിലെ 8.30 ന് ജില്ലാ പോലീസ് അഡിഷണല്‍ എസ്പി  പി.യു. സുനില്‍കുമാര്‍ പതാക ഉയര്‍ത്തി. പോലീസ് സേനാംഗങ്ങള്‍ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു. ഡിസിആര്‍ബി ഡിവൈഎസ്പി എ. സന്തോഷ്‌കുമാര്‍, ഡി എച്ച് ക്യു, വിവിധ യൂണിറ്റുകള്‍ എന്നിവിടങ്ങളിലെ പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോവിഡ് വെല്ലുവിളികള്‍ നേരിട്ട് കര്‍ത്തവ്യ നിര്‍വഹണം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍, കൂടുതല്‍ ജാഗ്രതയോടെയും, കോവിഡ് പ്രോട്ടോകോള്‍ പാലിച്ചും, രാജ്യത്തെയും ജനങ്ങളെയും സേവിക്കണമെന്നുള്ള ജില്ലാപോലീസ് മേധാവിയുടെ സന്ദേശം അഡിഷണല്‍ എസ്പി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.

മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കും: ജില്ലാപോലീസ് മേധാവി
കോവിഡ് പശ്ചാത്തലത്തില്‍ വീടുകളില്‍ കഴിയുന്ന മുതിര്‍ന്ന പൗരന്മാരുടെയും, കുട്ടികളുടെയും ക്ഷേമവും സുരക്ഷയും ഉറപ്പാക്കുമെന്ന് ജില്ലാപോലീസ് മേധാവി കെ.ജി. സൈമണ്‍ പറഞ്ഞു. മുതിര്‍ന്ന പൗരന്മാരുമായി ആശയവിനിമയം നടത്തണമെന്ന നിര്‍ദേശപ്രകാരം അവരുമായി ഓണ്‍ലൈനില്‍ സംവദിക്കുകയായിരുന്നു ജില്ലാപോലീസ് മേധാവി.  വീടുകളില്‍ സംഘര്‍ഷവും പ്രശ്‌നങ്ങളും നേരിടുന്ന വയോജനങ്ങള്‍ക്കും കുട്ടികള്‍ക്കും എല്ലാ സഹായങ്ങളും ലഭ്യമാക്കാന്‍ പോലീസ് സദാ സന്നദ്ധമായിരിക്കും.
മുതിര്‍ന്ന പൗരന്മാര്‍ അവരുടെ ആശങ്കകളും പ്രശ്‌നങ്ങളും പങ്കുവച്ചപ്പോള്‍, പോലീസ് എല്ലായ്‌പോഴും ഒപ്പമുണ്ടാവുമെന്നും, ഏതുസമയവും സഹായം ലഭ്യമാക്കുമെന്നും ജില്ലാപോലീസ് മേധാവി ഉറപ്പുനല്‍കി. ഇക്കാര്യത്തില്‍ ശ്രദ്ധ വേണമെന്നും ഉടനടി നടപടി എടുക്കണമെന്നും എസ്എച്ച്ഒമാര്‍ക്കും മറ്റു പോലീസ് ഉദ്യോഗസ്ഥര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു.
          മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള വിവിധ പോലീസ് സൗകര്യങ്ങളായ പ്രശാന്തി ഹെല്‍പ് ലൈന്‍ നമ്പറുകളായ 9497900035, 9497900045 ലേക്കും, ഇആര്‍എസ്എസ് നമ്പര്‍ 112 ലേക്കും ഏതു സമയവും വിളിക്കാം. കൂടാതെ, pol app എന്ന പോലീസ് മൊബൈല്‍ ആപ്പും, തുണ വെബ് പോര്‍ട്ടല്‍ സൗകര്യവും ഉപയോഗിക്കാമെന്നും ജനമൈത്രി പോലീസ് സംവിധാനം, പോലീസ് സ്റ്റേഷനുകളിലെ ഹെല്‍പ്ഡെസ്‌ക് എന്നിവയും മുതിര്‍ന്ന പൗരന്മാരുടെ സേവനത്തിന് എപ്പോഴും ലഭ്യമാണെന്നും ജില്ലാപോലീസ് മേധാവി വ്യക്തമാക്കി.
ഓണ്‍ലൈന്‍ ആശയവിനിമയ പരിപാടിയില്‍ അഡിഷണല്‍ എസ്പി  പി.യു. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജനമൈത്രി പോലീസ് ജില്ലാ നോഡല്‍ ഓഫീസര്‍ ആര്‍. സുധാകരന്‍പിള്ള സ്വാഗതവും, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ എ. ബിനു നന്ദിയും പറഞ്ഞു. ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള 40 ഓളം മുതിര്‍ന്ന പൗരന്മാരും, ബീറ്റ് ഓഫീസര്‍മാര്‍ തുടങ്ങിയവരും പങ്കാളികളായി.

 

date