തദ്ദേശ സ്ഥാപനങ്ങള്‍ മരാമത്ത് പണികളുടെ പാര്‍ട്ട് ബില്ലുകള്‍ തയാറാക്കി നല്‍കാന്‍ ശ്രദ്ധിക്കണം : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനാല്‍ ജില്ലയിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും മരാമത്ത് പണികളുടെ പാര്‍ട്ട് ബില്ലുകള്‍ തയാറാക്കി ഈ മാസം 20നകം ട്രഷറിയില്‍ നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു. തദ്ദേശഭരണ സ്ഥാപനങ്ങളും വകുപ്പുകളും ഏറ്റെടുക്കേണ്ട സംയുക്ത പ്രോജക്ടുകളെക്കുറിച്ചും ജില്ലാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കാവുന്ന പദ്ധതികളെപ്പറ്റിയും ചര്‍ച്ച ചെയ്യുന്നതിന് . പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന തദ്ദേശഭരണ അധ്യക്ഷരുടെയും ജില്ലാതല ഉദേ്യാഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്ന പ്രസിഡന്റ്. തദ്ദേശഭരണ സ്ഥാപനങ്ങളിലെ നിര്‍വഹണ ഉദേ്യാഗസ്ഥര്‍ നിര്‍വഹണം കാര്യക്ഷമമാക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണം. നിര്‍വഹണ ഉദേ്യാഗസ്ഥര്‍ക്ക് അവരുടെ ജില്ലാതല മേധാവികള്‍ ഇതുസംബന്ധിച്ച് കര്‍ശന നിര്‍ദേശം നല്‍കണം. പദ്ധതി തുക വിനിയോഗത്തില്‍ 74 ശതമാനം പുരോഗതി കൈവരിക്കുകയും അടുത്ത സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതി ആസൂത്രണ സമിതിയുടെ ആദ്യയോഗത്തില്‍ തന്നെ സമര്‍പ്പിച്ച് അംഗീകാരം നേടുകയും ചെയ്ത റാന്നി ബ്ലോക്ക് പഞ്ചായത്തിനെ പ്രസിഡന്റ് പ്രത്യേകം അഭിനന്ദിച്ചു.
തദ്ദേശഭരണ സ്ഥാപനങ്ങളുടെ അടുത്ത വര്‍ഷത്തെ വാര്‍ഷിക പദ്ധതികള്‍ അംഗീകരിക്കുന്നതിന് ഈ മാസം 20,24,28 തീയതികളില്‍ ജില്ലാ ആസൂത്രണ സമിതി യോഗം ചേരുമെന്ന് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ പറഞ്ഞു. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ആസൂത്രണ സമിതിയുടെ അംഗീകാരത്തിനായി പദ്ധതികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ആസൂത്രണ സമിതി കൂടുന്ന തീയതി പ്രഖ്യാപിച്ചതിന് ശേഷം മാത്രമേ പദ്ധതി നല്‍കൂ എന്ന രീതി മാറണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
പൂര്‍ത്തീകരിക്കാത്ത വീടുകളില്ലാത്ത ഗ്രാമപഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും ആവശ്യമായ ഫണ്ട് ഉണ്ടെങ്കില്‍ ഈ വര്‍ഷം തന്നെ ലൈഫ് മിഷന്‍ പട്ടികയില്‍ ഭൂമിയുള്ള ഭവനരഹിതര്‍ക്ക് പുതിയ വീടുകള്‍ നല്‍കാമെന്ന് ലൈഫ് മിഷന്‍ കണ്‍വീനറായ ദാരിദ്ര്യ ലഘൂ കരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ ജി.കൃഷ്ണകുമാര്‍ അറിയിച്ചു.
മധുരിമ എന്ന പേരില്‍ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് അവതരിപ്പിച്ച സംയുക്ത പ്രോജക്ടിനായുള്ള നിര്‍ദേശം ഏറെ ശ്രദ്ധേയമായി. കരിമ്പ് കൃഷിക്ക് പേരുകേട്ട അപ്പര്‍കുട്ടനാടന്‍ മേഖലയില്‍ കൂടുതല്‍ കരിമ്പ് ഉത്പാദിപ്പിച്ച് പ്രത്യേകം ബ്രാന്‍ഡ് ചെയ്ത് ശര്‍ക്കരയാക്കി വിപണിയിലിറക്കുന്നതിനുള്ള നിര്‍ദേശമാണ് മധുരിമ. ശബരിമലയിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്‍തോതില്‍ ശര്‍ക്കര എത്താറുണ്ട്. തദ്ദേശീയമായി ശര്‍ക്കര ഉത്പാദിപ്പിക്കുകയും ദേവസ്വംബോര്‍ഡുമായി ചര്‍ച്ച ചെയ്ത് ഇത് വാങ്ങുന്നതിനുള്ള കരാറില്‍ ഏര്‍പ്പെടുകയും ചെയ്താല്‍ അത് ജില്ലയിലെ കര്‍ഷകര്‍ക്ക് വന്‍ നേട്ടമാകും. പന്തളം, ഇരവിപേരൂര്‍ തുടങ്ങിയ മേഖലകളിലും കരിമ്പ് കൃഷി വ്യാപിപ്പിക്കുകയാണെങ്കില്‍ ജില്ലയില്‍ കൂടുതല്‍ ശര്‍ക്കര ഉത്പാദിപ്പിച്ച് ഒരു തനത് ബ്രാന്‍ഡായി വിപണിയിലിറക്കാന്‍ കഴിയുമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
ത്രിതല പഞ്ചായത്തുകളെയും കൃഷി വകുപ്പിനെയും കുടുംബശ്രീയെയും തൊഴിലുറപ്പ് പദ്ധതിയേയും കൂട്ടിയിണക്കി തരിശ് പാടങ്ങള്‍ പൂര്‍ണമായും കൃഷി ചെയ്ത് ജില്ലയുടെ പേരിലുള്ള തനത് അരി വിപണിയിലിറക്കുന്നതിനുള്ള സംയുക്ത പദ്ധതി, കായിക വികസനത്തിന് ഉതകുന്ന പദ്ധതികള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പദ്ധതികള്‍ വിവിധ ബ്ലോക്ക് പഞ്ചായത്തുകളും വകുപ്പ് മേധാവികളും അവതരിപ്പിച്ചു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ എലിസബത്ത് അബു, ആസൂത്രണ സമിതിയിലെ സര്‍ക്കാര്‍ നോമിനി അഡ്വ.എന്‍.രാജീവ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വി.ആര്‍.മുരളീധരന്‍ നായര്‍, വിവിധ തദ്ദേശഭരണ ഭാരവാഹികള്‍, വിവിധ വകുപ്പ് ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments