പട്ടികവർഗ സംരംഭകർക്ക് വായ്പ: അപേക്ഷ ക്ഷണിച്ചു
പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ദേശീയ പട്ടികവർഗ്ഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന പട്ടികവർഗ്ഗ സംരംഭകർക്കുള്ള വായ്പാ പദ്ധതിക്ക് കീഴിൽ വായ്പ അനുവദിക്കുന്നതിന് ജില്ലയിലെ പട്ടിക വർഗത്തിൽപ്പെട്ട തൊഴിൽരഹിതരായ യുവതീയുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 1,50,000 രൂപ, മൂന്ന് ലക്ഷം രൂപ എന്നിങ്ങനെ പദ്ധതി തുകയുളള സ്വയം തൊഴിൽ വായ്പാ പദ്ധതിയ്ക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. അപേക്ഷകർ 18 നും 55 നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം. കുടുംബ വാർഷികവരുമാനം മൂന്നു ലക്ഷം രൂപയിൽ കവിയാൻ പാടില്ല. പദ്ധതി പ്രകാരം അനുവദനീയമായ വായ്പാ തുകയ്ക്കുള്ളിൽ വിജയസാധ്യതയുള്ള ഏതൊരു സ്വയംതൊഴിൽ പദ്ധതിയിലും (കൃഷിഭൂമി വാങ്ങൽ /മോട്ടോർ വാഹനം വാങ്ങൽ ഒഴികെ) ഗുണഭോക്താവിന് ഏർപ്പെടാം. വായ്പാതുക ആറുശതമാനം പലിശ സഹിതം അഞ്ചുവർഷംകൊണ്ട് തിരിച്ചടയ്ക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർ കോർപ്പറേഷൻ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ അല്ലെങ്കിൽ സ്വന്തം പേരിലുള്ള ഭൂമിയുടെ ജാമ്യമോ ഹാജരാക്കണം. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങൾക്കും തൃശൂർ രാമനിലയത്തിന് സമീപമുള്ള കോർപ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ - 0487 2331556
- Log in to post comments