ഓൺലൈൻ വെബ് പോർട്ടലും മൊബൈൽ ആപ്ലിക്കേഷനും ഉദ്ഘാടനം ചെയ്തു
സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി, പ്രകൃതിക്ഷോഭ ദുരിതാശ്വാസം എന്നിവയ്ക്കുള്ള ഓൺലൈൻ വെബ് പോർട്ടലിന്റെയും മൊബൈൽ ആപ്ലിക്കേഷന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. സേവനങ്ങൾ ഫലപ്രദമായും സമയബന്ധിതമായും സുതാര്യമായും കർഷകർക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് കാർഷിക വികസന കർഷകക്ഷേമ വകുപ്പ് എ ഐ എം എസ് എന്ന സംയോജിത കർഷക സേവന പോർട്ടൽ അവതരിപ്പിച്ചിരിക്കുന്നത്. ഓൺലൈൻ അപേക്ഷ സമർപ്പിക്കൽ, അപേക്ഷകളുടെ പരിശോധന, അപേക്ഷകളുടെ തൽസ്ഥിതി വിവര ലഭ്യത, ഡി ബി ടി വഴി കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ആനുകൂല്യങ്ങൾ നേരിട്ട് നൽകാനുള്ള സംവിധാനം, എല്ലാ തലങ്ങളിലും സുതാര്യമായ വിവര ലഭ്യത എന്നീ പ്രധാന സേവനങ്ങളാണ് ഈ സംവിധാനങ്ങൾ വഴി ലഭ്യമാക്കുക. കോവിഡ്19 മഹാമാരി മൂലം സാമ്പത്തിക, കാർഷിക മേഖലകളിൽ വെല്ലുവിളികൾ നേരിടുന്ന കേരളത്തിന് ഇത് അതിജീവിക്കാനും ഭക്ഷ്യ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി കേരള സർക്കാർ നടപ്പിലാക്കുന്ന സംയോജിത കാർഷിക പുനരുജ്ജീവന പദ്ധതിയായ സുഭിക്ഷ കേരളത്തിന്റെ ഭാഗമായാണ് ഇത്. ഈ പദ്ധതിയുടെ ഭാഗമായി പ്രകൃതിക്ഷോഭം, കാട്ടുതീ, വന്യമൃഗങ്ങളുടെ ആക്രമണം എന്നിവ മൂലം കാർഷികവിളകൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള കാർഷിക വിള ഇൻഷുറൻസ് പദ്ധതി, പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങൾ ഐടി അധിഷ്ഠിത സാങ്കേതികവിദ്യയിലൂടെ കർഷകരിലേക്ക് എത്തിക്കുന്നു. www.aims.kerala.gov.in എന്ന വിലാസത്തിൽ പോർട്ടൽ പൊതുജനങ്ങൾക്ക് ലഭ്യമാകും. ഈ പോർട്ടലിൽ വ്യക്തികൾ ഗ്രൂപ്പുകൾ എന്നിവയ്ക്കായി പ്രത്യേക രജിസ്‌ട്രേഷൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. പോർട്ടൽ സംബന്ധിച്ച സംശയങ്ങൾക്ക് aimsagrikerala@gmail.com എന്ന ഇ മെയിൽ വിലാസത്തിലോ 0471-2303990, 2309122 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
- Log in to post comments