Skip to main content

കര്‍ഷക ദിനത്തില്‍ വീടുകളിലേക്ക് ഫലവൃക്ഷത്തെകള്‍ നല്‍കി പെരിന്തല്‍മണ്ണ നഗരസഭ

 

കര്‍ഷക ദിനത്തില്‍ നഗരസഭയിലെ  വീടുകളില്‍ ഫലവൃക്ഷത്തെകള്‍ വിതരണം ചെയ്യുന്ന പദ്ധതിക്ക് പെരിന്തല്‍മണ്ണ   നഗരസഭയില്‍ തുടക്കമായി. സുഭിക്ഷ കേരളം പദ്ധതിയുടെയും നഗരസഭ ജീവനം പദ്ധതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്നത്. കൃഷിയുടെ പ്രാധാന്യവും, ഫലവൃക്ഷങ്ങള്‍ ധാരാളമായി നട്ടുവളര്‍ത്തേണ്ടതിന്റെ പ്രാധാന്യവും ജനങ്ങളിലേക്ക് എത്തിക്കുകയും സ്വയംപര്യാപ്തതയിലൂടെ കോവിഡ് കാല അതിജീവനം സാധ്യമാക്കുക എന്നീ ലക്ഷ്യത്തോടെയാണ് ഫലവൃക്ഷത്തെകള്‍ നല്‍കുന്നത്. നഗരസഭയിലെ എട്ട്  സെന്റ് സ്ഥലം സ്വന്തമായുള്ള 8000 കുടുംബങ്ങള്‍ക്കാണ് ഫലവൃക്ഷത്തെകള്‍ നല്‍കുന്നത്. വീട് കഴിഞ്ഞ് ഫല വൃക്ഷത്തെകള്‍ക്ക് വളരാനുള്ള സ്ഥലം ഉണ്ടാവണം എന്നതിനാലാണ് എട്ട്  സെന്റിന് മുകളിലുള്ളവരെ തെരഞ്ഞെടുക്കുന്നത്. മാവ്, പ്ലാവ്, റമ്പുട്ടാന്‍ എന്നിങ്ങനെ മൂന്ന് ഇനം തൈകളാണ് വീടുകളില്‍ നല്‍കുന്നത്.

ചിങ്ങം ഒന്ന് കര്‍ഷക ദിനം മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള 45 ദിവസത്തിനുള്ളില്‍ ഫലവൃക്ഷതൈകള്‍ വീടുകളില്‍ എത്തിക്കും. ഫലവൃക്ഷതൈകള്‍ അവശ്യമുള്ളവര്‍ക്കായി  വാര്‍ഡുതലങ്ങളില്‍ നേരത്തെ അപേക്ഷ ക്ഷണിച്ചിരുന്നു. 400 രൂപ വരുന്ന ഒരു സെറ്റിന് 100 രൂപ ഗുണഭോക്തൃവിഹിതം കണക്കാക്കിയാണ് അപേക്ഷകള്‍ സ്വീകരിച്ചത്. സുഭിക്ഷ കേരളം പദ്ധതിയുടെ കൂടി ഭാഗമായി പദ്ധതി വിപുലീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ഗുണഭോക്തൃവിഹിതം ഒഴിവാക്കി എട്ട്  സെന്റ് ഭൂമിയുള്ള മുഴുവന്‍ കുടുംബങ്ങള്‍ക്കും ഫലവൃക്ഷത്തെകള്‍ നല്‍കാനാണ് കര്‍ഷക ദിനത്തോടനുബന്ധിച്ചുള്ള തീരുമാനം. നഗരസഭ  30 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്.

ഫലവൃക്ഷത്തെകള്‍ ആവശ്യമുള്ള കുടുംബങ്ങള്‍ കൗണ്‍സിലറുമായി ബന്ധപ്പെട്ട് ഇനിയും രജിസ്റ്റര്‍ ചെയ്യാം. ഫലവൃക്ഷത്തൈ വിതരണത്തിന്റെ മുനിസിപ്പല്‍ തല ഉദ്ഘാടനം ചെയര്‍മാന്‍ എം.മുഹമ്മദ് സലിം നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കെ.നാസര്‍ കുട്ടി  പങ്കെടുത്തു.
 

date