Skip to main content

വികസന മുന്നേറ്റത്തിന്റെ അഞ്ചാണ്ടുകൾ; തൃശൂർ ജില്ലാ പഞ്ചായത്തിന്റെ വികസന രേഖ പ്രകാശനം ചെയ്തു

വികസനപാതയിൽ ബഹുമതികൾ ഏറ്റുവാങ്ങിയ തൃശൂർ ജില്ലാ പഞ്ചായത്തിന്റെ വികസനരേഖ പ്രകാശനം ചെയ്തു. ഭരണസമിതി 2015-20 വർഷം പൂർത്തീകരിച്ച പദ്ധതികളുടെ വിവരങ്ങൾ അടങ്ങിയതാണ് വികസനരേഖ. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ ഓൺലൈനായി വികസനരേഖ പ്രകാശനം ചെയ്തു.
വീടില്ലാത്തവർക്ക് വീടുകൾ നിർമ്മിച്ച് നൽകുന്ന ലൈഫ്മിഷന്റെ ഭവന പദ്ധതി ഉൾപ്പെടെ ഒട്ടേറെ വികസന പദ്ധതികൾ ഇതിനകം പൂർത്തിയാക്കി. മികച്ച പഞ്ചായത്തുകൾക്കായി ഏർപ്പെടുത്തിയ ദീൻദയാൽ ഉപാധ്യായ പഞ്ചായത്ത് ശാക്തീകരൺ ദേശീയപുരസ്‌കാരം ഈ പദ്ധതിക്ക് ജില്ലാ പഞ്ചായത്തിന് ലഭിച്ചിരുന്നു. കാർഷികമേഖയിലെ തരിശുരഹിത-കൃഷി വികസന പദ്ധതി, നെല്ലുൽപാദന സബ്‌സിഡി, കാർഷിക ജലസേചന പദ്ധതി, പോളി ഹൗസ് കൃഷിത്തോട്ട പദ്ധതി തുടങ്ങിയവ കാർഷികമേഖലയിൽ വലിയ ഉണർവുണ്ടാക്കി. ഇനി ഞാൻ ഒഴുകട്ടെ - ജലരക്ഷ ജീവൻരക്ഷ പദ്ധതി, മണലിപ്പുഴ സംരക്ഷണ പ്രവൃത്തികൾ, കാലിത്തീറ്റ സബ്‌സിഡി, വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യവികസനം, ഹൈടെക്ക് ക്ലാസ് മുറികളുടെ നിർമ്മാണം, വിജ്ഞാൻ സാഗർ അടിസ്ഥാന സൗകര്യ വിപുലീകരണം, 165 അങ്കണവാടി കെട്ടിടങ്ങളുടെ നിർമ്മാണം, ന്യൂട്രീഷൻ ഫീഡിംഗ് സഹായം, ഭിന്നശേഷി സൗഹൃദ പദ്ധതി, ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ്, വിദ്യാലയങ്ങളിലേക്ക് ഷീ- പാഡ് പദ്ധതി, സാന്ത്വനം ഡയാലിസിസ് സഹായ പദ്ധതി, ആയുർവേദ - ഹോമിയോ ആശുപത്രി അടിസ്ഥാന സൗകര്യ വികസനം, ഷീ- ലോഡ്ജ് എന്നിങ്ങനെ ഒട്ടേറെ പദ്ധതികളാണ് ഈ ഭരണ കാലയളവിൽ പൂർത്തീകരിച്ചിട്ടുള്ളത്.
ലൈഫ്മിഷന്റെ ഭാഗമായി എറ്റവും കൂടുതൽ ഭവനങ്ങൾ പൂർത്തീകരിച്ച ജില്ലാ പഞ്ചായത്തെന്ന ബഹുമതിയും തൃശൂർ ജില്ലാ പഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ചീഫ് വിപ്പ് അഡ്വ.കെ.രാജൻ മുഖ്യാതിഥിയായി. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജെന്നി ജോസഫ്, പൊതുമരാമത്ത് സ്റ്റാന്റിംഗ് ചെയർമാൻ കെ ജെ ഡിക്‌സൻ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മഞ്ജുളാ അരുണൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ദീപ എസ് നായർ എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ കെ ഉദയപ്രകാശ് സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ ജി തിലകൻ നന്ദിയും പറഞ്ഞു.

date