പ്രാണ പദ്ധതി: ഓക്‌സിജൻ ബെഡുകൾക്ക് 12 ലക്ഷം രൂപ സംഭാവന നൽകി സഹകരണ സംഘങ്ങൾ
കോവിഡ് രോഗികൾക്ക് ഓക്‌സിജൻ നൽകുന്നതിനായി 'പ്രാണ : എയർ ഫോർ കെയർ' പദ്ധതിയുമായി മെഡിക്കൽ കോളേജ്. ഒരു കോവിഡ് രോഗിക്ക് ഓക്‌സിജൻ നൽകാൻ സമൂഹത്തിലെ ആർക്കും ചെറിയൊരു തുക സംഭാവന ചെയ്യാൻ സാധിക്കുന്ന വിധത്തിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നാലു ഘട്ടങ്ങളിലായി നടത്തുന്ന പദ്ധതിയിലൂടെ മെഡിക്കൽ കോളേജിൽ 600 ബെഡുകളിലേക്ക് കേന്ദ്രീകൃത ഓക്‌സിജൻ സംവിധാനവും മറ്റ് അനുബന്ധ സൗകര്യങ്ങളും ഏർപ്പെടുത്തും. കേന്ദ്രീകൃത സക്ഷൻ സംവിധാനം, ഓക്‌സിജൻ കിട്ടുന്ന രോഗികളെ പരിചരിക്കാൻ ഉള്ള സംവിധാനങ്ങൾ, മോണിറ്ററുകൾ, സെൻട്രൽ ഗ്യാസ് പ്ലാന്റ് നവീകരണം എന്നിവ ഒരുക്കാൻ ആണ് ഉദ്ദേശിക്കുന്നത്. ഇതുമായി സഹകരിക്കുന്ന വ്യക്തികളെ ആദരിക്കുകയും ചെയ്യും.
'പ്രാണ : എയർ ഫോർ കെയർ' പദ്ധതിയിലേക്ക് ജില്ലയിലെ 102 സഹകരണ സംഘങ്ങളുടെ സംഭാവന കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ എസ് ഷാനവാസ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം എ ആൻഡ്രൂസിന് കൈമാറി. ഓക്‌സിജൻ ബെഡുകൾ വാങ്ങുന്നതിനായി 12 ലക്ഷം രൂപയാണ് ജില്ലയിലെ വിവിധ സഹകരണസംഘങ്ങൾ സമാഹരിച്ച് നൽകിയത്.
കളക്ടറേറ്റ് ചേംബറിൽ നടന്ന ചടങ്ങിൽ ഗവ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ആർ ബിജു കൃഷ്ണൻ, പ്രാണ നോഡൽ ഓഫീസർ ഡോ. ലിജോ ജെ കൊല്ലംകുന്നേൽ, എപിഡമിക് സെൽ ഓഫീസർ ഡോ. ബിനു എന്നിവർ പങ്കെടുത്തു.
- Log in to post comments