പ്ലസ് വണ്‍ അഡ്മിഷന്‍ : ഹെൽപ്പ് ഡെസ്ക്കുകൾ അടിയന്തര ശ്രദ്ധ പുലർത്തണം
പ്ലസ് വൺ ഏകജാലക അപേക്ഷകൾ സംബന്ധിച്ച് ജില്ലയിലെ ഹെൽപ്പ് ഡെസ്ക്കുകൾ അടിയന്തര ശ്രദ്ധ പുലർത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ്. അപേക്ഷാ തീയ്യതി നീട്ടിയ സാഹചര്യത്തിൽ 300 ഹെൽപ്പ് ഡെസ്കുകൾ ജില്ലയിൽ പുനഃസ്ഥാപിച്ചിട്ടുണ്ട്. ഹെൽപ്പ് ഡെസ്ക്കുകളായി പ്രവർത്തിക്കുന്ന ഹൈസ്കൂൾ, ഹയർസെക്കൻ്ററി, എസ് എസ് കെ, ബി ആർ സി, യുആർസി അധ്യാപകർ, ഹെഡ്മാസ്റ്റർമാർ, പ്രിൻസിപ്പൾമാർ എന്നിവർ ഹെൽപ്പ് ഡെസ്കുകൾ പുന:രാരംഭിച്ച് തങ്ങളുടെ മുഴുവൻ കുട്ടികളും കാൻഡിഡേറ്റ് ലോഗിൻ ചെയ്തുവെന്ന് ഉറപ്പാക്കണം.
എല്ലാ ഹൈസ്ക്കൂളുകളിലെയും പത്താംതരം ക്ലാസ് ടീച്ചര്‍മാര്‍, അവരുടെ വിദ്യാര്‍ത്ഥികള്‍ കാൻഡിഡേറ്റ് ലോഗിന്‍ ചെയ്ത് അപേക്ഷ ആഗസ്റ്റ് 25നകം അന്തിമമായി സമര്‍പ്പിച്ചുവെന്ന് ഉറപ്പുവരുത്തേണ്ടതാണ്. ജില്ലയില്‍ നിന്ന് ഇതുവരെ 41414 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും വളരെ കുറച്ചുപേര്‍ മാത്രമാണ് കാൻഡിഡേറ്റ് ലോഗിന്‍ ചെയ്തിട്ടുള്ളത്. 41333 പേരാണ് അപേക്ഷകൾ ഉറപ്പാക്കിയിട്ടുള്ളത്. സ്പോർട്സ് ക്വാട്ടയിൽ 338 അപേക്ഷകൾ ലഭിച്ചതിൽ 326 എണ്ണമാണ് ഉറപ്പാക്കിയത്. ജില്ലയിൽ 19569 വിദ്യാർത്ഥികൾ അപേക്ഷകൾ സ്വയം സമർപ്പിച്ചതാണ്. 2465 പേർ സ്‌കൂൾ ഹെൽപ്പ് ഡെസ്കുകൾ വഴിയും 19299 പേർ മറ്റു ഹെൽപ്പ് ഡെസ്കുകൾ വഴിയും അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
36400 പേർ കാൻഡിഡേറ്റ് ലോഗിൻ ചെയ്തിട്ടുണ്ട്. സ്പോർട്സ് കാൻഡിഡേറ്റ് ലോഗിൻ ചെയ്തവരുടെ എണ്ണം ഇരുനൂറുമാണ്. ജില്ലയിലെ ജനറൽ അപേക്ഷകരിൽ 5014 പേരും സ്പോർട്ട്സ് ക്വാട്ട അപേക്ഷരിൽ 126 പേരുമാണ് ഇനി കാൻഡിഡേറ്റ് ലോഗിൻ ചെയ്യാനുള്ളത്.
സെപ്റ്റംബർ അഞ്ചിന് ട്രയൽ അലോട്ട്മെൻ്റ് വരുന്നതിന് മുമ്പ് അപേക്ഷിച്ച എല്ലാവരും കാൻഡിഡേറ്റ് ലോഗിൻ ചെയ്തിരിക്കണം. കാൻഡിഡേറ്റ് ലോഗിന്‍ ചെയ്ത് അന്തിമമായി അപേക്ഷ സമര്‍പ്പിക്കാതിരുന്നാല്‍ അലോട്ട്മെന്‍റിന് പരിഗണിക്കില്ല. മാത്രമല്ല കാൻഡിഡേറ്റ് ലോഗിനിലൂടെ പാസ്‌വേഡ് ഉണ്ടാക്കിയാൽ മാത്രമാണ് ട്രയൽ അലോട്ട്മെൻറ് തുടർന്ന് വരുന്ന മെയിൻ അലോട്ട്മെൻ്റ് എന്നിവയിൽ കയറി തിരുത്തൽ, ഓപ്ഷൻ ക്രമീകരണം, അഡ്മിഷൻ സ്ലിപ്പ് എടുക്കൽ, ഫീസ് അടക്കൽ എന്നിവയ്ക്ക് കഴിയുകയുള്ളു. അപേക്ഷയില്‍ തിരുത്തലുകളുണ്ടെങ്കില്‍ അതും ഈ ഘട്ടത്തില്‍ ചെയ്യാനാകും. ജനറല്‍ കാറ്റഗറിയിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ അപേക്ഷയില്‍ വിവരങ്ങള്‍ നല്‍കി ആനുകൂല്യം നേടാവുന്നതാണ്. കാർഡിഡേറ്റ് ലോഗിൻ ചെയ്ത് പാസ് വേർഡ് ലഭിക്കാത്തവർ ഏറ്റവും അടുത്തുള്ള ഹൈസ്കൂൾ/ ഹയർ സെക്കൻ്ററി സ്കൂളുകളിലെ ഹെൽപ്പ് ഡെസ്ക്കുകളെ സമീപിക്കണമെന്ന് അക്കാദമിക് കോർഡിനേറ്റർ വി എം.കരീം അറിയിച്ചു.
- Log in to post comments