കൊടുങ്ങല്ലൂരിൽ ലൈഫ് പദ്ധതിയിൽ പൂർത്തിയായത് 1000 വീടുകൾ
കൊടുങ്ങല്ലൂർ നഗരസഭയിൽ സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കിയത് 1000 വീടുകൾ. ഇതിന്റെ നിർമ്മാണ പൂർത്തീകരണ പ്രഖ്യാപനം ആഗസ്റ്റ് 27 രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും.
തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ അധ്യക്ഷത വഹിക്കും. ബെന്നി ബെഹനാൻ എം പി, അഡ്വ വി ആർ സുനിൽകുമാർ എംഎൽഎ, ജില്ലാ കളക്ടർ എസ് ഷാനവാസ്, കുടുംബശ്രീ മിഷൻ കോ-ഓഡിനേറ്റർ ഹരി കിഷോർ എന്നിവർ പങ്കെടുക്കും.
2019ൽ ലൈഫ് മിഷന്റെ ഭാഗമായി ഏറ്റവും കൂടുതൽ വീടുകൾ നിർമ്മിച്ചു നൽകിയ നഗരസഭയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം കൊടുങ്ങല്ലൂർ നഗരസഭയ്ക്ക് ലഭിച്ചിരുന്നു. സർക്കാരിന്റെ പല പദ്ധതികളിലായി നിർമ്മാണം പൂർത്തിയാക്കുവാൻ കഴിയാതിരുന്ന വീടുകളിൽ നൂറ് ശതമാനം പൂർത്തീകരിച്ചതിനും അവാർഡ് ലഭിച്ചിരുന്നു. വീട് നിർമ്മാണത്തിനായി സർക്കാർ ധനസഹായത്തിന് പുറമെ 3.54 കോടി രൂപ നഗരസഭ ബാങ്ക് വായ്പ എടുത്താണ് പണി പൂർത്തീകരിച്ചത്. മുഖ്യമന്ത്രിയുടെ ചടങ്ങ് അന്നേ ദിവസം നഗരസഭയുടെ എല്ലാ വാർഡുകളിലും കാണുന്നതിന് സൗകര്യമേർപ്പെടുത്തിയതായി ചെയർമാൻ കെ ആർ ജൈത്രൻ അറിയിച്ചു.
- Log in to post comments