Skip to main content

കൊവിഡിനെ ചെറുക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ ഇനി തെര്‍മല്‍ ക്യാമറയും

 
കൊവിഡ് പ്രതിരോധം ഊര്‍ജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തെര്‍മല്‍ ക്യാമറ സ്ഥാപിച്ചു. സ്റ്റേഷനിലെത്തുന്ന യാത്രക്കാരുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിനായി സ്ഥാപിച്ച തെര്‍മല്‍ ക്യാമറ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.
കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന തെര്‍മല്‍ ക്യാമറയാണ് റെയില്‍വേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമില്‍ സ്ഥാപിച്ചത്. മൂന്ന് മീറ്റര്‍ അകലത്തില്‍ നിന്ന് ഇത് യാത്രക്കാരുടെ ശരീര താപനില പരിശോധിക്കും. 37.2 ഡിഗ്രി സെല്‍ഷ്യസാണ് തെര്‍മല്‍ ക്യാമറയിലെ സാധാരണ താപനില. ക്യാമറക്ക് മുന്നിലൂടെ 37.2 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനിലയുള്ളവര്‍ കടന്നു പോവുമ്പോള്‍ അലാറം മുഴങ്ങും. കൂടാതെ ആ വ്യക്തിയുടെ മുഖം ക്യാമറയില്‍ പകര്‍ത്തുകയും ചെയ്യും. കാമറയ്ക്ക് സമീപത്ത് സ്ഥാപിച്ചിരിക്കുന്ന സ്‌ക്രീനിലാണ് കടന്നുപോവുന്നവരുടെ മുഖവും ശരീരോഷ്മാവും പ്രദര്‍ശിപ്പിക്കുന്നത്.  ഒപ്റ്റികല്‍ ലെന്‍സ്, തെര്‍മല്‍ ലെന്‍സ് എന്നിവ അടങ്ങുന്നതാണ്് തെര്‍മല്‍ ക്യാമറ സംവിധാനം. നെറ്റിത്തടത്തിലെ ഊഷ്മാവ് മാത്രമാണ് ക്യാമറ അളക്കുക. അതിനാല്‍ ചൂടുള്ള പദാര്‍ഥങ്ങള്‍ കൈയിലുണ്ടെങ്കിലും പ്രശ്നമില്ല. തെര്‍മല്‍ ക്യാമറയുടെ പ്രവര്‍ത്തനം പൂര്‍ണമായും ഓട്ടോമാറ്റിക് ആണ്.
മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പ്രത്യേക താല്‍പര്യമെടുത്ത് ലഭ്യമാക്കിയ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നുള്ള മൂന്ന് ലക്ഷം രൂപ ഉപയോഗിച്ചാണ് തെര്‍മല്‍ ക്യാമറ സ്ഥാപിച്ചത്.
റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ എഡിഎം ഇ പി മേഴ്‌സി, സ്റ്റേഷന്‍ മാനേജര്‍ മനോജ് കുമാര്‍, സെക്ടെക് മാനേജര്‍ അനീഷ് ദിനേശന്‍ എന്നിവര്‍  പങ്കെടുത്തു. കണ്ണൂര്‍ വിമാനത്താവളം, കലക്ടറേറ്റ് എന്നിവിടങ്ങളില്‍ ഇതിനോടകം തെര്‍മല്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്

date