Skip to main content

ചെറുകുന്ന് ഗവ ഗേള്‍സ് സ്‌കൂളിന് പുതിയ അക്കാദമിക് ബ്ലോക്ക്

ചെറുകുന്ന് ഗവ ഗേള്‍സ് വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് പുതിയതായി നിര്‍മ്മിക്കുന്ന അക്കാദമിക് - അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ ശിലാസ്ഥാപനം ടി വി രാജേഷ് എം എല്‍ എ നിര്‍വഹിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് കോടി രൂപ ചെലവിലാണ് കെട്ടിടം നിര്‍മ്മിക്കുന്നത്.
മൂന്ന് നിലകളിലായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന് 12,500 ചതുരശ്ര അടി വിസ്തീര്‍ണമുണ്ടാകും. 10 ക്ലാസ് മുറികള്‍, ലാബുകള്‍, പ്രിന്‍സിപ്പല്‍, ഹെഡ് മാസ്റ്റര്‍, സ്റ്റാഫ് എന്നിവര്‍ക്കുള്ള ഓഫീസ് മുറികളും,  അടുക്കള, തീന്‍മുറി, ശുചിമുറി എന്നിവയും പദ്ധതിയില്‍ ഉണ്ട്.
സ്‌കൂളിന്റെ ഭൗതിക സാഹചര്യവും, അടിസ്ഥാന സൗകര്യവും വികസിപ്പിക്കുന്നതോടൊപ്പം സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ത്തുന്നതിനുള്ള പദ്ധതിയാണ് നടപ്പിലാക്കി വരുന്നത്. ഒമ്പത് കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് സ്‌കൂളിന് സര്‍ക്കാര്‍ ഇതുവരെയായി അനുവദിച്ചത്.  സര്‍ക്കാര്‍ ഏജന്‍സിയായ വാപ്‌കോസാണ് നിര്‍മ്മാണ ഏജന്‍സി. യൂണിക് ബില്‍ഡേഴ്‌സാണ് പ്രവൃത്തി ഏറ്റെടുത്ത് നടപ്പിലാക്കുക.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി സുമേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പി പി ദിവ്യ, കണ്ണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി രാമകൃഷ്ണന്‍, വൈസ് പ്രസിഡണ്ട് എന്‍ ശ്രീധരന്‍, ഹെഡ് മാസ്റ്റര്‍ ടി വി വിജയന്‍ പ്രിന്‍സിപ്പല്‍ എം യാസര്‍ എന്നിവര്‍ സംസാരിച്ചു.  വാപ്‌കോസ് പ്രൊജക്ട് എഞ്ചിനീയര്‍ പ്രശാന്ത് കെ വി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

date