Skip to main content

കൊവിഡ് കാലത്ത് ഉത്തേജനം പകരേണ്ട സി എസ് ആര്‍ പദ്ധതികള്‍ ഉപേക്ഷിക്കുന്നത് ശരിയല്ല: കെ കെ രാഗേഷ് എം പി

കൊവിഡ് കാലത്ത് ഉത്തേജനം പകരേണ്ട സി എസ് ആര്‍ പദ്ധതികള്‍ ഉപേക്ഷിക്കരുതെന്നും കൊവിഡ് ഉത്തേജന പാക്കേജിന്റെ ഭാഗമായി  സി എസ് ആര്‍ ഫണ്ടുകള്‍  രണ്ട് വര്‍ഷത്തേക്ക് പി എം കെയറിലേക്ക് തിരിച്ചു പിടിച്ചിരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ശരിയല്ലെന്നും കെ കെ രാഗേഷ് എം പി.  മുദ്ര - എന്റെ വിദ്യാലയം പദ്ധതിക്കായി കാഞ്ഞിരോട് എ യു പി  സ്‌കൂളില്‍ ആരംഭിക്കുന്ന നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍  അനുവദിച്ച സി എസ് ആര്‍ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
കൊവിഡ് കാലത്ത് രക്ഷയാകേണ്ട സി എസ് ആര്‍ പദ്ധതികള്‍ ഇപ്പോള്‍  ആരോഗ്യമേഖലയ്ക്ക്  പോലും ലഭിക്കുന്നില്ല. ഇത്തരം പദ്ധതിയുടെ അടങ്കലില്‍ 50 ശതമാനവും തൊഴിലാളികള്‍ക്ക് കൂലിയായാണ് നല്‍കുന്നത്. ഈയൊരു ദുരിതത്തില്‍  തൊഴിലാളികള്‍ക്ക് പദ്ധതിയുടെ  സഹായം ലഭ്യമാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മുദ്ര - എന്റെ വിദ്യാലയം പദ്ധതിയുടെ ഭാഗമായി 87 ലക്ഷം രൂപയുടെ പ്രവൃത്തിയാണ് കാഞ്ഞിരോട് എ യു പി  സ്‌കൂളില്‍ നടപ്പാക്കുന്നത്. ഇതില്‍ 60 ലക്ഷം ഐ ഒ സി എല്‍ നല്‍കുന്ന സി എസ് ആര്‍ ഫണ്ടും 27 ലക്ഷം രൂപ മാനേജ്‌മെന്റ് ഗുണഭോക്തൃ വിഹിതവുമാണ്. ഡൈനിംങ് റൂം,  ലൈബ്രറി ബ്ലോക്ക്, ഓപ്പണ്‍ ഓഡിറ്റോറിയം, വിദ്യാലയ അന്തരീക്ഷം പരിഷ്‌കരിക്കല്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കണ്ണൂര്‍ ജില്ലാ നിര്‍മ്മിതി കേന്ദ്രമാണ് പ്രവൃത്തി നിര്‍വഹിക്കുന്നത്. അടുത്ത വര്‍ഷം ജനുവരിയോടെ പദ്ധതി പൂര്‍ത്തീകരിക്കും.  
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന ചടങ്ങില്‍ മുണ്ടേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ പങ്കജാക്ഷന്‍ അധ്യക്ഷനായി.  പ്രധാന അധ്യാപിക കെ പി പ്രീത,  മുദ്ര വിദ്യാഭ്യാസ സമിതി കണ്‍വീനര്‍  പി പി ബാബു, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറി എം പി മുഹമ്മദലി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതിയംഗം വി ലക്ഷമണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പി സി അഹമ്മദ് കുട്ടി,  ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ആര്‍ കെ പത്മനാഭന്‍, പി പി മുനീറ, എ ഇ ഒ കെ പി പ്രദീപന്‍,  പി ടി എ പ്രതിനിധി പി സി
ആസിഫ് എന്നിവര്‍ പങ്കെടുത്തു

date