കണ്ണൂര്‍ അറിയിപ്പുകള് 24-08-2020
എല്‍ ഡി ടൈപ്പിസ്റ്റ് പ്രമാണ പരിശോധന
ജില്ലയില്‍ വിവിധ വകുപ്പുകളിലെ ലോവര്‍ ഡിവിഷന് ടൈപ്പിസ്റ്റ് ( കാറ്റഗറി നം. 280/18& 281/18 ) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി 2020 ജൂലൈ 28 ന് പ്രസിദ്ധീകരിച്ച സാധ്യതാ പട്ടികകളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ അസ്സല് പ്രമാണ പരിശോധന ആഗസ്ത് 27, സെപ്തംബര്‍ 7,8,9,11,14 തീയതികളില്‍ രാവിലെ 10 മണി മുതല്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന് ജില്ലാ ഓഫീസില്‍ നടക്കും. ഇത് സംബന്ധിച്ച സന്ദേശം ഇതിനോടകം ഉദ്യോഗാര്‍ഥികള്‍ക്ക് അയച്ചിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍ പ്രൊഫൈലില്‍ അപ്ലോഡ് ചെയ്ത് അസ്സല് പ്രമാണങ്ങളും കമ്മീഷന് അംഗീകരിച്ച തിരിച്ചറിയല്‍ രേഖയും സഹിതം അതത് ദിവസങ്ങളില്‍ ഹാജരാകണം. പ്രൊഫൈലില്‍ ആധാര്‍ അപ്ലോഡ് ചെയ്യേണ്ടതും ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.
കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ ഉദ്യോഗാര്‍ഥികള്‍ ഓഫീസ് പരിസരത്ത് പ്രവേശിക്കാവൂ. ഗള്‍ഫ്/അന്യസംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ക്കും ക്വാറന്റൈന് കാലാവധി ഉള്‍പ്പെടെ മറ്റ് രോഗബാധയുള്ളവര്‍ക്കും, ഹോട്ട്സ്പോട്ട്, കണ്ടെയ്ന്മെന്റ് സോണ്‍ എന്നിവിടങ്ങളിലെ ഉദ്യോഗാര്‍ഥികള്‍ക്കും പ്രമാണ പരിശോധന തീയതി അവരുടെ അപേക്ഷ പ്രകാരം മാറ്റി നല്‍കും. പരിശോധനയ്ക്ക് ഹാജരാകുന്ന ഉദ്യോഗാര്‍ഥികള്‍ പി എസ് സി യുടെ വെബ്സൈറ്റില്‍ നിന്നും കൊവിഡ് 19 ചോദ്യാവലി ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് കൊണ്ടുവരേണ്ടതാണെന്നും പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍. 0497 2700482.
പാരമ്പര്യേതര ട്രസ്റ്റി ഒഴിവ്
പയ്യന്നൂര്‍ താലൂക്കിലെ കോറോം വില്ലേജിലുള്ള പള്ളിത്തറ വയത്തൂര് കാലിയാര് ശിവക്ഷേത്രത്തിലുള്ള പാരമ്പര്യേതര ട്രസ്റ്റിയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ്സൈറ്റ് (www.malabardevaswom.kerala), നീലേശ്വരം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ്, തളിപ്പറമ്പ് ഇന്‍സ്പെക്ടറുടെ ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ സപ്തംബര്‍ 18ന് വൈകിട്ട് അഞ്ച് മണിക്കകം നീലേശ്വരം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.
പി എന്‍ സി/2747/2020
ലേലം ചെയ്യും
മാവിലായി അംശം ദേശത്ത് തളിപ്പറമ്പ്് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ സി 3940/ 2019നം ഉത്തരവ് പ്രകാരം മുറിച്ചുമാറ്റുന്ന മരങ്ങളുടെ ലേലം ആഗസ്ത് 26ന് വൈകിട്ട് മൂന്ന് മണിക്ക് മാവിലായി വില്ലേജില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ മാവിലായി വില്ലേജ് ഓഫീസില്‍ ലഭിക്കും.
അപേക്ഷ ക്ഷണിച്ചു
മലബാര്‍ കാന്‍സര്‍ സെന്ററിന്റെ നഴ്സിംഗ് കോളേജ് ആയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് സയന്‍സസ് ആന്റ് റിസേര്‍ച്ചില്‍ 2020-21 വര്‍ഷത്തെ ബിഎസ്സി നഴ്സിംഗിന്റെ മാനേജ്മെന്റ് സീറ്റുകളിലേക്ക് ആഗസ്ത് 30 വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം. അപേക്ഷകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്കും, അപേക്ഷാഫോറം/ പ്രോസ്പെക്ട്സ് എന്നിവയ്ക്കുമായി 9847938884/856098752/04902399243 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ www.mcc.kerala.gov.in/www.insermcc.org എന്നീ വെബ് സൈറ്റുകള്‍ സന്ദര്‍ശിക്കുകയോ ചെയ്യുക.
മാധ്യമ കോഴ്സുകള്‍: അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി ഡിറ്റിന്റെ കവടിയാര്‍ കേന്ദ്രത്തില്‍ നടത്തുന്ന വിവിധ ദൃശ്യമാധ്യമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറുമാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഡിപ്ലോമ കോഴ്സ് ഇന്വെബ് ഡിസൈന്‍ ആന്‍ഡ് ഡെവലപ്മെന്റ്, മൂന്നു മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ വീഡിയോഗ്രഫി, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ നോണ്‍ ലീനിയര്‍ എഡിറ്റിങ്ങ് ( യോഗ്യത - പ്ലസ് ടു ), അഞ്ച് ആഴ്ച ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രഫി (യോഗ്യത എസ് എസ് എല്‍ സി ) എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയ്യതി ആഗസ്ത് 28. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2721917, 8547720167.
സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു
ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ് വകുപ്പില്‍ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 തസ്തികയിലേക്ക് 2019 സപ്തംബര്‍ 28ന് നടത്തിയ പരീക്ഷയുടെ സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പിഎസ് സി ഓഫീസര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0497 2700482.
ഓണ്‍ലൈന്‍ ലേലം
വനം വകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയില്‍ തേക്ക് തടികളുടെ വില്പന സപ്തംബര്‍ 16, 23, 30 തീയതികളില്‍ നടക്കും. ഓണ്‍ലൈന്‍ വഴി നടത്തുന്ന ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയിലും www.mstcecommerce.com എന്ന വെബ്സൈറ്റ് വഴിയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. താല്പര്യമുള്ളവര് പാന്‍കാര്‍ഡ്, ദേശസാല്‍കൃത ബാങ്ക് പാസ്ബുക്ക്, ആധാര്‍/തിരിച്ചറിയല്‍ കാര്‍ഡ്, ഇ മെയില്‍ അഡ്രസ്, ജി എസ് ടി രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് (കച്ചവടക്കാര്‍) എന്നിവ സഹിതം അന്നേ ദിവസം കണ്ണോത്തുംചാല്‍ ഫോറസ്റ്റ് കോംപ്ലക്സില്‍ ഹാജരാകണം. ഫോണ്‍: 0490 2302080.
അപേക്ഷ ക്ഷണിച്ചു
ആരോഗ്യവകുപ്പിന് കീഴിലുള്ള ജനറല്‍ നഴ്സിംഗ് ആന്റ് മിഡ്വൈഫറി കോഴ്സിലേക്ക് വിമുക്തഭടന്മാരുടെ ആശ്രിതരായ പെണ്മക്കള്ക്ക് ഓരോ ജില്ലയിലും സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം, പ്രോസ്പെക്ടസ് എന്നിവയ്ക്ക് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ www.dhs.kerala. gov.in സന്ദര്‍ശിക്കുക. അപേക്ഷയുടെ പകര്‍പ്പ്, എസ് എസ് എല്‍ സി അഥവാ തത്തുല്യ സര്‍ട്ടിഫിക്കറ്റ്, പ്ലസ് ടു മാര്ക്ക്ലിസ്റ്റ് സര്‍ട്ടിഫിക്കറ്റ്, വിമുക്തഭടന്റെ എക്സ് സര്‍വീസ്മെന്‍ തിരിച്ചറിയല്‍ കാര്‍ഡ്, ബന്ധപ്പെട്ട ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നും നേടിയ ആശ്രിത സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം സൈനിക ക്ഷേമ ഡയറക്ടര്‍, സൈനിക ക്ഷേമ വകുപ്പ്, വികാസ് ഭവന്, തിരുവനന്തപുരം 33 എന്ന വിലാസത്തില്‍ ആഗസ്ത് 27 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ലഭിക്കും വിധം അയക്കേണ്ടതാണ്. അസ്സല് അപേക്ഷയും പ്രോസ്പെക്ടസില്‍ ആവശ്യപ്പെട്ടിട്ടുള്ള സര്‍ട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട നഴ്സിംഗ് സ്കൂള്‍ പ്രിന്‍സിപ്പലിനും അയക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് 0497 2700069
- Log in to post comments