Skip to main content

അര്‍ഹതപ്പെട്ടവര്‍ക്ക് സേവനം നിഷേധിക്കുന്നത് അഴിമതി: ജില്ലാ കളക്ടര്‍

 

അര്‍ഹതപ്പെട്ടവര്‍ക്ക് സേവനം നിഷേധിക്കുന്നതും അഴിമതിയാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ബി.എസ്.തിരുമേനി. അഴിമതി രഹിത സര്‍ക്കാര്‍ സേവനം സംബന്ധിച്ച് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ കിഴക്കന്‍ മേഖല കാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടനിലക്കാരന്‍ ഉണ്ടെങ്കിലേ സര്‍ക്കാര്‍ ഓഫീസുകളില്‍ കാര്യസാധ്യമുണ്ടാകൂ എന്ന മനോഭാവം മാറണം. ആവശ്യം നടപ്പാക്കാനാവില്ലെങ്കില്‍ അത് എന്തുകൊണ്ടെന്ന് അപേക്ഷകനെ ബോധ്യപ്പെടുത്താന്‍ ഉദ്യോഗസ്ഥന് കഴിയണം. നല്‍കാവുന്ന സേവനം ഏറ്റവും കൃത്യമായി ചെയ്താല്‍ മാത്രമേ സര്‍ക്കാര്‍ സംവിധാനത്തോട് ജനങ്ങള്‍ക്ക് മതിപ്പുണ്ടാകുകയുളളു. സംവിധാനത്തോടുളള മതിപ്പില്ലായ്മയാണ് അക്രമത്തിലേക്ക് ജനങ്ങളെ എത്തിക്കുന്നത് അതിനാല്‍ നല്ല പെരുമാറ്റവും സേവനമാണ് അദ്ദേഹം പറഞ്ഞു. വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ കിഴക്കന്‍ മേഖല പോലീസ് സൂപ്രണ്ട് എം.ജോണ്‍സണ്‍ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. എഡിഎം കെ രാജന്‍, വിഎസിബി അഡീ.ലീഗല്‍ അഡൈ്വസര്‍ രാജ്‌മോഹന്‍ ആര്‍ പിളള, ഡിവൈഎസ്പി എസ് സുരേഷ്‌കുമാര്‍, ഡിഡിപി സലീം ഗോപാല്‍ എന്നിവര്‍ പങ്കെടുത്തു. വിഎസിബി ഇന്‍സ്‌പെക്ടര്‍ ബാബു സെബാസ്റ്റ്യന്‍ സ്വാഗതവും സീനിയര്‍ സൂപ്രണ്ട് എന്‍ കെ ഇല്യാസ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് പൗരകേന്ദ്രീകൃത സദ്ഭരണം, ഉദ്യോഗസ്ഥ ഭരണം ജനനന്‍മയ്ക്ക് എന്നീ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിച്ചു. റവന്യു, ഗ്രാമപഞ്ചായത്ത്,നഗരസഭ എന്നിവിടങ്ങളിലെ നിര്‍വഹണ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

                                               (കെ.ഐ.ഒ.പി.ആര്‍-514/18) 

date