കോട്പ നിയമം കര്‍ശനമായി നടപ്പാക്കണം - എഡിഎം
സിഗററ്റ്, മറ്റ് പുകയില ഉത്പന്നങ്ങള്‍ എന്നിവയുടെ ഉപയോഗത്തിനെതിരെയുള്ള കോട്പ നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് എഡിഎം കെ.ദിവാകരന്‍ നായര്‍ പറഞ്ഞു. കോട്പ നിയമം സംബന്ധിച്ച് വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്കായി ജില്ലാ മെഡിക്കല്‍ ഓഫീസിന്‍റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ടയില്‍ സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു എഡിഎം. പുകയില ഉത്പന്നങ്ങളുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ഇപ്പോള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ അവബോധമുണ്ട്. ഓഫീസുകളിലെയും പൊതുസ്ഥലങ്ങളിലെയും പുകവലി പോലുള്ള കാര്യങ്ങളില്‍ കുറവുണ്ടായിട്ടുണ്ട്. എന്നാല്‍ വിദ്യാര്‍ഥികളുടെ ഇടയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം ആശങ്കാജനകമാണ്. സ്കൂളുകളുടെ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിവില്‍പ്പന തടയുന്നതിന് കര്‍ശന നിയമങ്ങള്‍ ഉണ്ടെങ്കിലും ഇപ്പോഴും പല സ്ഥലങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് സുഗമമായി ലഹരി വസ്തുക്കള്‍ ലഭിക്കുന്നുണ്ട്. പോലീസിന്‍റെയും എക്സൈസ് വകുപ്പിന്‍റെയും സ്കൂള്‍ അധികൃതരുടെയും നിതാന്ത ജാഗ്രതയിലൂടെ ലഹരിയുടെ ലഭ്യത പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിയണം. കുട്ടികള്‍ക്ക് ലഹരി ഉത്പന്നങ്ങള്‍ എത്തിക്കുന്നവര്‍ക്ക് കര്‍ശനമായ ശിക്ഷ നല്‍കേണ്ടത് ഈ വിപത്തില്ലാതാക്കാന്‍ അത്യാവശ്യമാണ്.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍.അനിതാകുമാരി അധ്യക്ഷത വഹിച്ച ചടങ്ങി ല്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.റ്റി.അനിതാകുമാരി, എന്‍ആര്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എബി സുഷന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ വിദഗ്ദ്ധര്‍ ക്ലാസുകള്‍ നയിച്ചു. (പിഎന്‍പി 625/18)
- Log in to post comments