Skip to main content

എന്‍എബിഎച്ച് അംഗീകാരം നേടി മലബാര്‍ കാന്‍സര്‍ സെന്റര്‍

രാജ്യത്തെ ഏറ്റവും മികച്ച നിലവാരമുള്ള ആശുപത്രികളുടെ പട്ടികയില്‍ ഇനി മലബാര്‍ കാന്‍സര്‍ സെന്ററും. ഉത്തരകേരളത്തിലെ ഏറ്റവും വലിയ കാന്‍സര്‍ ചികിത്സാ കേന്ദ്രമായ എംസിസിക്ക് ഉന്നത ഗുണനിലവാരത്തിനുള്ള എന്‍എബിഎച്ച് അംഗീകാരം ലഭിച്ചു.
സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍  ഈ അംഗീകാരം നേടുന്ന ആറാമത്തെ ആശുപത്രിയാണ് എംസിസി. 2019 മാര്‍ച്ചില്‍ അന്തിമ മൂല്യനിര്‍ണയം കഴിഞ്ഞ സെന്ററിനെ കൊവിഡ് പ്രതിസന്ധി മൂലം ആഗസ്ത് മാസത്തിലെ അക്രെഡിറ്റേഷന്‍ കമ്മിറ്റിയിലാണ് പരിഗണിച്ചത്. എന്‍എബിഎച്ച് അക്രെഡിറ്റേഷനിലൂടെ സെന്ററിലെത്തുന്ന രോഗികള്‍ക്കു ഗുണനിലവാരമുള്ള ചികിത്സയ്‌ക്കൊപ്പം, മുന്തിയ രോഗീസുരക്ഷയും, ശരിയായ യോഗ്യതയും പരിശീലനവും ലഭിച്ച മെഡിക്കല്‍ ജീവനക്കാരുടെ സേവനവും ഉറപ്പാക്കാനാകും. സേവന രംഗത്ത് 20 വര്‍ഷം പിന്നിടുന്ന എംസിസി ഗുണമേന്മ മികവിനുള്ള മറ്റ്  അക്രെഡിറ്റേഷനുകള്‍, ലോകോത്തര കാന്‍സര്‍ ഗവേഷണ പദ്ധതികള്‍, പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ ലക്ഷ്യങ്ങളുമായി മുന്നോട്ടുള്ള പാതയിലാണ്.
കൊവിഡ്  പ്രതിസന്ധിയിലും മലബാര്‍ മേഖലയിലെ കാന്‍സര്‍ രോഗികള്‍ക്കു വലിയൊരാശ്വാസമാകാന്‍ എംസിസിക്കു കഴിഞ്ഞിട്ടുണ്ട്. മൂവ്വായിരത്തിന്നാനുറിലധികം പുതിയ രോഗികളാണ് ഈ കാലയളവില്‍ ഇവിടെ ചികിത്സക്കായി എത്തിയത്. 1240 മേജര്‍ സര്‍ജറികളും ആയിരത്തോളം റേഡിയേഷന്‍ ചികിത്സകളും കൊവിഡ് കാലത്തും എംസിസിയില്‍ നടന്നു. സെന്ററിലെ കൊവിഡ് ലാബില്‍ ഇതിനകം മുപ്പത്തിനാലായിരം സാമ്പിളുകളാണ് പരിശോധിച്ചത്. ചികിത്സാ മികവിനും, രോഗികളുടെ സുരക്ഷയ്ക്കും എന്നും പ്രാധാന്യം നല്‍കുന്ന എംസിസിക്ക് ഈ അക്രെഡിറ്റേഷന്‍ പ്രവര്‍ത്തന മികവിനുള്ള മറ്റൊരു പൊന്‍തൂവല്‍ കൂടിയാണ്

date