കാലാവധിയ്ക്കുള്ളിൽ റോഡുകളുടെ പുനരുദ്ധാരണവും നിർമ്മാണവും പൂർത്തീകരിക്കും: മന്ത്രി ജി സുധാകരൻ
സംസ്ഥാന സർക്കാർ കാലാവധി പൂർത്തിയാക്കുന്നതിന് മുൻപായി കേരളത്തിലെ മുഴുവൻ റോഡുകളുടെ പുനരുദ്ധാരണവും നിലവിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന റോഡുകളുടെ നിർമ്മാണവും പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ പറഞ്ഞു.
കുന്നംകുളം നിയോജകമണ്ഡലത്തിൽ അഞ്ച് കോടി രൂപ ചെലവഴിച്ച് നവീകരിച്ച ചാവക്കാട് - വടക്കാഞ്ചേരി സംസ്ഥാന പാതയുടെ കി.മീ. 15/000 മുതൽ 19/015 വരെയുള്ള ഭാഗത്തിന്റെ ഉദ്ഘാടനവും അതേ പാതയിൽ സർക്കാരിന്റെ ബജറ്റിൽ ഉൾപ്പെടുത്തി 13 കോടി രൂപ ചെലവഴിച്ച് നവീകരിക്കുന്ന വിവിധ പ്രവൃത്തികളുടെ നിർമാണോദ്ഘാടനവും ഓൺലൈനിലൂടെ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വികസന പ്രവർത്തനങ്ങളിൽ ജനകീയത ഉറപ്പ് വരുത്തുന്ന പദ്ധതികൾ ആവിഷ്‌ക്കരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാണെന്നും മന്ത്രി ജി സുധാകരൻ കൂട്ടിച്ചേർത്തു. തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ സി മൊയ്തീൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ഇതോടനുബന്ധിച്ച് വെള്ളറക്കാട് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പ്രാദേശിക ഉദ്ഘാടന ചടങ്ങിൽ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ് ബസന്ത്‌ലാൽ, ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ സതീശൻ എന്നിവർ മുഖ്യാതിഥികളായി. മധ്യ മേഖല പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ് എൻജിനീയർ കെ ടി ബിന്ദു, വടക്കാഞ്ചേരി എ എക്‌സ് ഇ സി ഐ സെബാസ്റ്റ്യൻ, അസിസ്റ്റൻറ് എൻജിനീയർ വി വി ഹാപ്പി തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments