Skip to main content

പൂകൃഷിയില്‍ നൂറുമേനി : നിറമരുതൂരിലേത്  വേറിട്ട വിജയഗാഥ

 

തീരദേശ മേഖലയിലും ചെണ്ടുമല്ലിപ്പൂ വിരിയുമെന്ന് തെളിയിച്ചിരിക്കുകയാണ് നിറമരുതൂര്‍ പഞ്ചായത്ത് ഗ്രാമിക കര്‍ഷക കൂട്ടായ്മ.  തെങ്ങിന് ഇടവിള എന്ന രീതിയില്‍ നിറമരുതൂര്‍ ഉണ്യാലില്‍ ഒരുക്കിയ പ്രദര്‍ശന മാതൃകാ ചെണ്ടുമല്ലി തോട്ടങ്ങള്‍ വിളവെടുപ്പിന് തയ്യാറായി. തെങ്ങിന്‍ തോട്ടങ്ങളില്‍ വിവിധ തരം ഇടവിളകള്‍ പ്രോത്സാഹിപ്പിക്കുക, അതു വഴി തെങ്ങിന്റെ ഉത്പാദന ക്ഷമതയും വരുമാനവും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പൂക്കൃഷിക്ക് തുടക്കമിട്ടത്.  കേരള സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ കീഴില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തിയാണ്  നിറമരുതൂര്‍ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കൃഷിയിറക്കിയത്.
   ഗ്രാമിക കര്‍ഷക കൂട്ടായ്മ കണ്‍വീനര്‍ അക്ഷര അബ്ദുറഹ്മാന്‍, നിറമരുതൂര്‍ കൃഷിഭവന്‍ കൃഷി അസിസ്റ്റന്റ് കെ.എം സുനില്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഒന്നര ഏക്കറോളം വരുന്ന സ്ഥലത്ത് പൂകൃഷി ഒരുക്കിയത്. ഇന്‍ഡസ് കമ്പനിയുടെ പോമ്പോണ്‍  വിഭാഗത്തില്‍ വരുന്ന മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള പൂക്കളാണ് ഉണ്യാലില്‍ വിരിഞ്ഞു നില്‍ക്കുന്നത്.
     പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരുക്കിയിട്ടുള്ള അഞ്ച്  മാതൃക തോട്ടങ്ങളില്‍ നിന്നായി അഞ്ച് ടണ്ണോളം പൂക്കളാണ് ആദ്യഘട്ടത്തില്‍ വിളവെടുപ്പിന് പാകമായത്.  തിരൂര്‍, കോഴിക്കോട് മാര്‍ക്കറ്റുകളിലെ ഓണ വിപണികളില്‍  പൂക്കള്‍ വില്പനക്കെത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണെന്ന് അക്ഷര അബ്ദുറഹ്മാന്‍ പറഞ്ഞു. കുടുംബശ്രീ പോലുള്ള കൂടുതല്‍ കൂട്ടായ്മകളെ കൃഷിയിലേക്ക് ആകര്‍ഷിച്ച് 700 ഹെക്ടറോളം വരുന്ന തെങ്ങിന്‍ തോട്ടങ്ങളില്‍ വിവിധ തരം ഇടവിളകള്‍ കൃഷി ചെയ്ത് കാര്‍ഷികാഭിവൃദ്ധി കൈവരിക്കുക എന്നതാണ്  ലക്ഷ്യമെന്ന്  നിറമരുതൂര്‍ കൃഷി ഓഫീസര്‍ സമീര്‍ മുഹമ്മദ് പറഞ്ഞു.
     കടലിനോട് ചേര്‍ന്നു നില്‍ക്കുന്ന ഉണ്യാലില്‍ സുഗന്ധം പരത്തി നില്‍ക്കുന്ന ചെണ്ടുമല്ലി പൂ കാണാനായി നിരവധി ആളുകളാണ് ഇവിടെ എത്തുന്നത്. വി.അബ്ദുറഹ്മാന്‍ എം.എല്‍.എ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. താനാളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി വി സുഹ്‌റ റസാഖ് അധ്യക്ഷയായി.
    പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി സിദ്ദീഖ്, സ്ഥിരം സമിതി അധ്യക്ഷരായ പി.പി സൈതലവി, സുബൈദ ഷാലിമാര്‍, കെ.പ്രേമ, വാര്‍ഡ് അംഗങ്ങളായ ഹഫ്‌സത്ത്, കെ.ടി ശശി, കര്‍ഷക സമിതി കണ്‍വീനര്‍ അക്ഷര അബ്ദുറഹ്മാന്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു. അഗ്രികള്‍ച്ചര്‍ അസി.ഡയറക്ടര്‍ കെ.ജി ഒനില്‍ പദ്ധതി വിശദീകരിച്ചു. കൃഷി ഓഫീസര്‍ സമീര്‍ മുഹമ്മദ് സ്വാഗതവും കൃഷി അസിസ്റ്റന്റ് സുനില്‍ നന്ദിയും പറഞ്ഞു.
 

date