Skip to main content

സാനിമാറ്റുകൾ വാങ്ങി നൽകുന്നതിലൂടെ ജില്ലാ പഞ്ചായത്ത് നല്‍കുന്നത് വലിയൊരു സന്ദേശം - ധനമന്ത്രി ടി.എം.തോമസ് ഐസക്

 

ആലപ്പുഴ: കൊവിഡ് 19 പശ്ചാത്തലത്തിൽ ജില്ലയിലെ സർക്കാർ ഓഫീസുകളിലേക്ക് ആയിരം സാനി മാറ്റുകൾ വാങ്ങി വിതരണം ചെയ്യാനുള്ള പദ്ധതിയിലൂടെ ജില്ലാ പഞ്ചായത്ത് തദ്ദേശഭരണസ്ഥാപനങ്ങൾക്ക് വലിയൊരു സന്ദേശം നല്‍കിയതായി ധനകാര്യ-കയര്‍ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക്ക്. പദ്ധതിയിലൂടെ ആലപ്പുഴയുടെ പരമ്പരാഗത വ്യവസായത്തിന് പുതിയൊരു ആത്മവിശ്വാസം ജില്ല പഞ്ചായത്ത് നൽകിയതായി മന്ത്രി ചൂണ്ടിക്കാട്ടി. കയർ കോർപ്പറേഷൻ അങ്കണത്തിൽ സംഘടിപ്പിച്ച ജില്ലാ പഞ്ചായത്തിൻറെ കരാർപ്രകാരമുള്ള 1000 സാനിമാറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ആലപ്പുഴയിലെ പ്രധാന വ്യവസായമായ കയറിന് കോവിഡ് മൂലം കയറ്റുമതി നിലച്ചു. ഇതിന്റെ കുറവ് പരിഹരിക്കാന്‍ നാട്ടിൽ തന്നെ ഉപയോഗം കണ്ടെത്തിയില്ലെങ്കിൽ പതിനായിരക്കണക്കിന് തൊഴിലാളികൾക്ക് തൊഴില്‍ ഇല്ലാതാകും. ഇത്തരം പ്രതിസന്ധി ഘട്ടത്തിലാണ് കയർ കോർപ്പറേഷൻ ഒരു വിപണി സാധ്യത കണ്ടെത്തിയത്. സാനി മാറ്റിലൂടെ കോവിഡ് പ്രതിരോധ പ്രവർത്തനത്തോടൊപ്പം പരമ്പരാഗത തൊഴിലാളികൾക്കും ആശ്വാസം ലഭിക്കും. കണ്ടെയ്ന്‍മെൻറ് സോണിലും മറ്റും ഉള്ളവർക്ക് സാനിമാറ്റ് ഏറെ പ്രയോജനപ്പെടുമെന്ന് മന്ത്രി പറഞ്ഞു. പുറത്തു പോയി തിരിച്ചെത്തുമ്പോൾ സാനിറ്റൈസർ ഉള്ള ട്രേയില്‍ വച്ചിരിക്കുന്ന മാറ്റ് വഴി കാല്‍ വൃത്തിയായി തുടച്ച ശേഷം വീട്ടിലേക്ക് പ്രവേശിക്കാൻ കഴിയും. യൂറോപ്പിൽ ഇപ്പോൾ തന്നെ സാനി മാറ്റിന് പ്രചാരം ലഭിച്ചു കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

വരുന്ന രണ്ടുമാസത്തേക്ക് കൂടി കോവിഡ് രോഗ ബാധിതകരുടെ എണ്ണം കൂടുമെന്നാണ് ‍ കണക്കാക്കുന്നത്. കോവിഡ് ആശുപത്രിക്ക് പുറമേ സർക്കാർ തയ്യാറാക്കുന്ന പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലായി അമ്പതിനായിരത്തോളം കിടക്കകള്‍ ഒരുക്കിയിട്ടുണ്ട്. ചികിത്സാ സൗകര്യങ്ങൾ വിപുലീകരിക്കുന്നതോടൊപ്പം നിയന്ത്രണങ്ങളും ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. നമ്മുടെ ആശുപത്രി സൗകര്യങ്ങളിൽ ഒതുങ്ങിനിൽക്കുന്ന വേഗത്തിൽ വ്യാപനത്തെ കൊണ്ടുവരാനാണ് സർക്കാർ കഠിനമായ ശ്രമം നടത്തി കൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സാനിമാറ്റിന്റെ വിതരണത്തിന്റെ ഫ്ലാഗ് ഓഫ് എ.എം.ആരിഫ് എം.പി നടത്തി. സാനി മാറ്റിന്റെ ജില്ലയിലെ ആദ്യത്തെ വിതരണ കരാർ ഏറ്റെടുക്കുക വഴി ആയിരക്കണക്കിന് തൊഴിലാളികൾക്ക് തൊഴിൽ അവസരം സൃഷ്ടിക്കാനും കൂടിയാണ് ജില്ലാപഞ്ചായത്ത് ശ്രമിച്ചതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജി വേണുഗോപാൽ പറഞ്ഞു. കയര്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ടി.കെ.ദേവകൂമാര്‍, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മണി വിശ്വനാഥ്, സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍മാരായ കെ.ടി.മാത്യൂ, കെ.കെ.അശോകന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

date