Skip to main content

മെഡിക്കല്‍ കോളേജില്‍ ഇനി ചികിത്സിക്കുക ഗുരുതരലക്ഷണങ്ങളുള്ള കോവിഡ് രോഗികളെ മാത്രം  കോവിഡിതര രോഗചികിത്സയും ശക്തിപ്പെടുത്താന്‍ നിര്‍ദേശം

 

 

 

ആലപ്പുഴ: കോവിഡ് രോഗികളില്‍ ഗുരുതരലക്ഷണമുള്ളവരെ മാത്രമെ ഇനി മുതല്‍ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കൂ. ജില്ലാ കളക്ടര്‍ എ അലക്സാണ്ടര്‍ വണ്ടാനം മെഡിക്കല്‍ കോളേജ് അധികൃതരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് തീരുമാനം.

 

മെഡിക്കല്‍ കോളേജിലെ കോവിഡ് - കോവിഡിതര രോഗചികിത്സാ അവലോകനത്തിലായിരുന്നു തീരുമാനം. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിക്കല്‍,  മെഡിക്കല്‍ കോളേജിലെ അടിസ്ഥാനസൗകര്യം വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയവയും യോഗം ചര്‍ച്ച ചെയ്തു. 

 

കോവിഡ് രോഗികളെ എ, ബി, സി വിഭാഗങ്ങളായി തിരിച്ച് ഗുരുതരരോഗമുള്ള സി വിഭാഗത്തിലുള്ള രോഗികളെ മാത്രമേ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കൂ. ചെറിയ രോഗലക്ഷണങ്ങളുള്ള ബി വിഭാഗത്തിലെ രോഗികളെ സെഞ്ച്വറി, പിഎം ആശുപത്രികളിലും പുന്നപ്ര എഞ്ചിനീയറിങ് കോളേജിലുമായി പ്രവര്‍ത്തിക്കുന്ന ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലും രോഗലക്ഷണമില്ലാത്തവരെ മറ്റു ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമായി പ്രവേശിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

 

 കോവിഡ് ചികിത്സ ശക്തിപ്പെടുത്തുന്നതോടൊപ്പം തന്നെ, കോവിഡിതര രോഗ ചികിത്സയും മെഡിക്കല്‍ കോളേജില്‍ ശക്തിപ്പെടുത്തും.  കോവിഡ് രോഗികള്‍ക്ക് ഡയാലിസിസ് വേണ്ടി വന്നാലോ, നേരത്തെ ഡയാലിസിന് വിധേയമായിക്കൊണ്ടിരിക്കുന്ന രോഗികള്‍ക്ക് കോവിഡ് വന്നാലോ പ്രത്യേക ഡയാലിസിസ് യൂണിറ്റ് സജ്ജീകരിച്ചാണ് നിലവില്‍  സൗകര്യമൊരുക്കുന്നത്. ഡയാലിസിസിനായുള്ള നാല് മെഷീനുകള്‍ കൂടി സജ്ജീകരിച്ച് മെഡിക്കല്‍ കോളേജിലെ  ഈ പ്രത്യേകഡയാലിസിസ് യൂണിറ്റ് സംവിധാനം ശക്തിപ്പെടുത്താന്‍ യോഗത്തില്‍ തീരുമാനിച്ചു. ഇതിനായുള്ള പ്രൊപ്പോസല്‍ എന്‍എച്ച്എം വഴി നടപ്പാക്കാനുള്ള സാധ്യത പരിശോധിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ഒരുദിവസം 10 ഡയാലിസിസ് നടത്താനുള്ള സൗകര്യം ഈ പ്രത്യേക യൂണിറ്റില്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. 

 

 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് ബാധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്ന മെഡിക്കല്‍ കോളേജിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കായി പ്രത്യേക ക്വാറന്റീന്‍ സംവിധാനം ഒരുക്കും. ആവശ്യമെങ്കില്‍ ഇതിനായുള്ള കെട്ടിടം ജില്ലാഭരണകൂടം കണ്ടെത്തി നല്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. 

 

മെഡിക്കല്‍ കോളേജില്‍ കോവിഡിതര ഗുരുതര രോഗവുമായി വരുന്ന രോഗികളെ അഡ്മിറ്റ് ചെയ്യേണ്ട സാഹചര്യമുണ്ടായാല്‍ പ്രത്യേക വാര്‍ഡില്‍ ഇവരെ പ്രവേശിപ്പിക്കാനും തീരുമാനമായി. ഒരുദിവസത്തിനകം ഇവരുടെ കോവിഡ് പരിശോധന നടത്തിയ ശേഷം മാത്രം മറ്റു രോഗികളുടെ കൂടെ വാര്‍ഡില്‍ പ്രവേശിപ്പിക്കും. ഇതുമൂലം രോഗവ്യാപനം തടയാന്‍ കഴിയും.

 

കോവിഡ് രോഗവ്യാപനം ഇനിയും വര്‍ദ്ധിക്കുന്ന സാഹചര്യമുണ്ടായാല്‍ രോഗികള്‍ക്കാവശ്യമായ വെന്റിലേറ്റര്‍, ഐസിയു സൗകര്യം വര്‍ദ്ധിപ്പിക്കാനുള്ള നടപടികളും യോഗം ചര്‍ച്ച ചെയ്തു. 

 

മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ രാംലാല്‍, പ്രിന്‍സിപ്പല്‍ ഡോ വിജയകുമാരി, കോവിഡ് സെല്‍ നോഡല്‍ ഓഫീസര്‍ ഡോ ജൂബി, മെഡിക്കല്‍ കോളേജിലെ വിവിധവിഭാഗങ്ങള്‍ക്കു നേതൃത്വം നല്കുന്നവര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

date