Skip to main content

കോവിഡ് : ഭാരതീയചികിത്സ വകുപ്പിന്റെ പൂനര്‍ജീവനം പദ്ധതി

 

      

കോവിഡ് 19 രോഗത്തില്‍ നിന്നും മുക്തരായവരെ അതിജീവന പാതയിലേക്ക് നയിക്കുന്ന പുനര്‍ജനി പദ്ധതിയുടെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പിന്റെയും ജില്ലാ ആയുര്‍വേദ കോവിഡ് റെസ്‌പോണ്‍സ് സെല്ലിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ആലപ്പുഴ ജില്ലാ അടിസ്ഥാനത്തില്‍ പുനര്‍ജീവനം എന്ന ഓണ്‍ലൈന്‍ ഉദ്യമത്തിന് തുടക്കം കുറിച്ചു. രോഗബാധ സമയത്തും അതിനു ശേഷവും ഉണ്ടായ ശാരീരിക മാനസിക ആരോഗ്യപ്രശ്‌നങ്ങളെ പരിഗണിച്ചുകൊണ്ട് വിദഗ്ധ വൈദ്യ ഉപദേശത്തോടൊപ്പം ഗവണ്‍മെന്റ് ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍മാര്‍, യോഗ മെഡിക്കല്‍ ഓഫീസര്‍മാര്‍, യോഗ പരിശീലകര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ ജീവിതശൈലി ക്രമീകരണം, യോഗ, പ്രാണായാമം, ലഘു വ്യായാമങ്ങള്‍, വ്യക്തിഗത ആരോഗ്യ നിര്‍ദേശങ്ങള്‍ എന്നിവയിലൂടെ ശാരീരിക മാനസിക ക്ഷമത വര്‍ദ്ധിപ്പിച്ച് രോഗമുക്തരെ  പൂര്‍വാധികം ആത്മവിശ്വാസത്തോടെ തിരികെ സാധാരണ ജീവിതത്തിലേക്ക് നയിക്കുന്നതാണ് പദ്ധതി. 

 

മുഹമ്മ, മാരാരിക്കുളം,  കരുമാടി പഞ്ചായത്തുകളിലെ സര്‍ക്കാര്‍ ആയുര്‍ വേദ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആലപ്പുഴ ജില്ലയിലെ ഭാരതീയ ചികിത്സ വകുപ്പിന്റെ  എല്ലാ ആയുര്‍വേദ ഡിസ്‌പെന്‍സറികളും ആശുപത്രികളും മുഖേന അര്‍ഹരായ വ്യക്തികള്‍ക്ക് പദ്ധതിയുടെ സേവനം ലഭ്യമാക്കുന്നുണ്ട് എന്ന് ഭാരതീയ ചികിത്സ വകുപ്പ് ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ എസ്.ഷീബ അറിയിച്ചു. ഓണ്‍ലൈനായി ലഭ്യമാകുന്ന പരിശീലന പരിപാടികളും ബോധവല്‍ക്കരണ ക്ലാസുകളും വ്യക്തിഗത ഉപദേശങ്ങളും ഉള്‍പ്പെടുത്തിയുള്ള ഈ ഓണ്‍ലൈന്‍ പദ്ധതി രോഗമുക്തരുടെ അതിജീവന പാതയില്‍ ഒരു നല്ല മുതല്‍ക്കൂട്ടായിരിക്കും.  ഈ പദ്ധതിയുടെ വിശദ വിവരങ്ങള്‍ക്കായി സമീപിക്കുക -ഡോക്ടര്‍ രശ്മി എസ് രാജ്, ജില്ലാ കോഡിനേറ്റര്‍, ആയുര്‍വേദ കോവിഡ റെസ്‌പോണ്‍സ് സെല്‍, ഫോണ്‍ : 9847836586.

 

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി മറ്റു പദ്ധതികളും ഭാരതീയചികിത്സ വകുപ്പ് ജില്ലാവിഭാഗം നടപ്പാക്കുന്നുണ്ട്. വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും മടങ്ങി വന്നവര്‍ക്കും കോവിഡ് രോഗികളുമായി സമ്പര്‍ക്കം വന്നവരും ആയ വ്യക്തികള്‍ക്കും സ്വാഭാവിക പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഔഷധങ്ങള്‍ നല്‍കുന്ന അമൃതം പദ്ധതി പ്രകാരം ആലപ്പുഴ ജില്ലയില്‍ നിരീക്ഷണത്തിലുള്ള 24306 പേര്‍ക്ക് ഔഷധങ്ങള്‍ നല്‍കുകയുണ്ടായി. 

 

കോവിഡ് 19 രോഗമുക്തരായ വ്യക്തികള്‍ക്ക് തിരികെ ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള, രസായന ചികിത്സയും ജീവിതശൈലി ക്രമീകരണങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്ന പുനര്‍ജനി പദ്ധതി പ്രകാരം നിലവില്‍ ആലപ്പുഴ ജില്ലയില്‍ 320 പേര്‍ക്ക് സേവനം ലഭ്യമാക്കിയിട്ടുണ്ട്. 

 

60 വയസ്സിന് താഴെയുള്ള വ്യക്തികള്‍ക്ക് അവരുടെ സ്വാഭാവിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള സ്വാസ്ഥ്യം പദ്ധതിപ്രകാരം ആലപ്പുഴ ജില്ലയില്‍ 47908 പേര്‍ക്ക് സ്വാഭാവിക പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള മരുന്നുകളും ലഘുവ്യായാമങ്ങള്‍ ഉള്‍പ്പെട്ട പരിശീലന പരിപാടികളും ലഭ്യമാക്കിയിട്ടുണ്ട്

 

      60 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ നിലവിലെ ആരോഗ്യസ്ഥിതിയും  മറ്റു രോഗങ്ങളുടെ ചികിത്സയും പരിഗണിച്ചുകൊണ്ട് സ്വാഭാവിക പ്രതിരോധ ശേഷി നിലനിര്‍ത്തി സുരക്ഷിതമായ അവസ്ഥയില്‍ ആരോഗ്യം നിലനിര്‍ത്തുന്നതിനുള്ള  സുഖായുഷ്യം പദ്ധതിപ്രകാരം ആലപ്പുഴ ജില്ലയില്‍ 29100 പേര്‍ക്ക് സേവനം ലഭ്യമാക്കി. 

 

     ടെലി മെഡിസിന്‍ (8281377994) മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന വ്യക്തികള്‍ക്കു വേണ്ടി ടെലി കൗണ്‍സിലിംഗ ്(9747082571), ഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കും ഉള്ള ടെലി കണ്‍സള്‍ട്ടേഷന്‍ (9447730372) എന്നിങ്ങനെയുള്ള സേവന പദ്ധതികളും ഇതോടൊപ്പം നടത്തിവരുന്നുണ്ട്

 

date