Skip to main content

പുതുവഴികള്‍ നല്‍കിയും ചേര്‍ത്തു പിടിച്ചും 'സ്‌നേഹിത'

 

പാതിവഴിയില്‍ പകച്ചു പോകുന്നവര്‍ക്ക് പുതുവഴികള്‍ കാണിച്ചും ചേര്‍ത്തു പിടിച്ചും താങ്ങായി നില്‍ക്കുകയാണ് പൊന്നാനി പൊലീസ് സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന 'സ്‌നേഹിത' സൗജന്യ ജെന്‍ഡര്‍ ഹെല്‍പ്പ് സെന്റര്‍. കുടുംബശ്രീ ജില്ലാ മിഷന്റെയും പൊന്നാനി പൊലീസ് സ്റ്റേഷന്റെയും കീഴിലാണ്  സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനകം 150 ലധികം ആളുകള്‍ക്കാണ് സൗജന്യ കൗണ്‍സലിങ് നല്‍കിയിട്ടുള്ളത്. കോവിഡ് 19നെ തുടര്‍ന്ന് ടെലി കൗണ്‍സലിങാണ് ഇപ്പോള്‍ നല്‍കുന്നത്. ഏറ്റവും കൂടുതല്‍ ആളുകള്‍ കൗണ്‍സലിങ് തേടിയിരിക്കുന്നത്  കുടുംബ പ്രശ്നങ്ങള്‍ക്കാണ്. കൗണ്‍സലിങിലൂടെ  നിരവധി കുടുംബങ്ങളുടെ ജീവിതം ഭദ്രമായി മുന്നോട്ടു പോകുകയാണ്. കൗണ്‍സലിങില്‍ ട്രീറ്റ്‌മെന്റ് ആവശ്യമായ കേസുകള്‍ മെഡിക്കല്‍ ട്രീറ്റ്‌മെന്റ് രംഗത്തേക്കും പരിഹരിക്കാന്‍ കഴിയാത്തവ ലീഗല്‍ നടപടികളിലേക്കും കൈമാറും. ലഹരി വിരുദ്ധ ക്ലാസുകള്‍, സ്ത്രീകള്‍കള്‍,പെണ്‍കുട്ടികള്‍, വിദ്യാര്‍ഥികള്‍, മുതിര്‍ന്നവര്‍ എന്നിവര്‍ക്കുള്ള ക്ലാസുകള്‍,  കരിയര്‍ ഗൈഡന്‍സ് തുടങ്ങിയവയാണ്  സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ലൈന്‍ വഴി സംഘടിപ്പിക്കുന്നത്. കോവിഡിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയും ഓണ്‍ലൈന്‍ വഴിയുമാണ്  ക്ലാസുകള്‍ നല്‍കുന്നത്.

ജില്ലയില്‍ പൊലീസ് സ്റ്റേഷന് കീഴില്‍ വരുന്ന സ്‌നേഹിതയുടെ ആദ്യത്തെ സഹായ കേന്ദ്രമാണ് പൊന്നാനിയിലേത്. 2018 സെപ്തംബര്‍ 23നാണ് പൊലീസ് സ്റ്റേഷനില്‍ സ്‌നേഹിത പ്രവര്‍ത്തനാരംഭിക്കുന്നത്.  പൊലീസ് സ്റ്റേഷനില്‍ 'സ്‌നേഹിത' സൗജന്യ കൗണ്‍സലിങ് സെന്റര്‍ എല്ലാ ശനിയാഴ്ചയും രാവിലെ 10  മുതല്‍ അഞ്ച് വരെയാണ് പ്രവര്‍ത്തിക്കുക. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ കുടുംബത്തിലും സമൂഹത്തിലും നടന്നു വരുന്ന മാനസിക, ശാരീരിക, ലൈംഗിക അതിക്രമങ്ങളെയും വിവേചനങ്ങളെയും പ്രതിരോധിക്കുന്നതിനുള്ള ബോധവത്കരണവും സഹായവും നല്‍കുക എന്ന ലക്ഷ്യത്തോടെ രൂപം കൊടുത്ത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക്കാണ് സ്‌നേഹിത. സ്‌നേഹിത ടോള്‍ ഫ്രീ നമ്പര്‍: 1800 425 6864.
 

date