ഓണത്തിന് വിഷരഹിത പച്ചക്കറികളുമായി പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിലെ ഓണച്ചന്ത
ആലപ്പുഴ : കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും ഓണത്തിന് വിഷരഹിത പച്ചക്കറി വിപണിയിൽ ലഭ്യമാക്കുക എന്ന ആശയവുമായി പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ ഇന്ന് (27/08/2020) മുതൽ ഓണചന്തകള്‍ പ്രവർത്തനമാരംഭിക്കും. ബ്ലോക്ക് പരിധിയിലെ ആറു ഗ്രാമപഞ്ചായത്തുകളിലായി ( അരൂർ- 1, കുത്തിയതോട്- 2, തുറവൂർ -1, പട്ടണക്കാട് - 2, വയലാർ -1, എഴുപുന്ന-2) ഒമ്പത് സ്ഥലങ്ങളിലാണ് ഓണച്ചന്തകള്‍ തയ്യാറാകുന്നത്. ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇത്തവണ കോടംതുരുത്ത് ഗ്രാമപഞ്ചായത്തിൽ ഓണച്ചന്ത നടത്തുന്നില്ല.
ആഗസ്റ്റ് 27 മുതല്‍ 30 വരെയാണ് ഓണച്ചന്തകൾ പ്രവർത്തിക്കുക. കര്‍ഷകര്‍ക്കും വാങ്ങാനെത്തുന്നവര്‍ക്കും ഒരുപോലെ ലാഭം ഉറപ്പാക്കുന്നതാണ് ഈ ഓണച്ചന്തകള്‍.
ഓണച്ചന്തകള്‍ക്കായി കര്‍ഷകരില്‍ നിന്നും പരമാവധി പച്ചക്കറികള്‍ ശേഖരിച്ചിട്ടുണ്ട്. തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന ഇനങ്ങളാണ് കൂടുതൽ വിപണിയിലേക്ക് എത്തിക്കുക. ബ്ലോക്കിന് കീഴില്‍ ലഭിക്കാത്ത പച്ചക്കറി ഇനങ്ങള്‍ ഹോര്‍ട്ടി കോര്‍പ്പിന്റെ സഹായത്തോടെ എത്തിക്കുന്നുണ്ടെന്ന് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ റെയ്ച്ചൽ സോഫിയ അലക്സാണ്ടർ പറഞ്ഞു.
അതത് പഞ്ചായത്തുകളിലെ കൃഷി ഓഫീസര്‍മാര്‍ക്കാകും ഓണച്ചന്തകളുടെ പൂര്‍ണ ചുമതല.
- Log in to post comments