തൈക്കാട്ടുശ്ശേരി ബ്ലോക്കിലെ പ്ലാസ്റ്റിക് ഷ്രഡ്ഡിങ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു
ആലപ്പുഴ: തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ പ്ലാസ്റ്റിക് ഷ്രഡ്ഡിങ് യൂണിറ്റ് പാണാവള്ളി ഗ്രാമപഞ്ചായത്തിൽ പ്രവർത്തനമാരംഭിച്ചു. യൂണിറ്റിന്റെ ഉദ്ഘാടനം തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല സെൽവരാജ് നിർവ്വഹിച്ചു.
2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 21 ലക്ഷം രൂപ ചെലവിലാണ് യൂണിറ്റിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. പ്ലാസ്റ്റിക് ഷ്രഡ്ഡിങ് മെഷീൻ, ബെയിലിങ് മെഷീൻ, ഡസ്റ്റ് റിമൂവർ തുടങ്ങിയ സൗകര്യങ്ങളാണ് യൂണിറ്റിൽ ഒരുക്കിയിട്ടുള്ളത്.
ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചു പഞ്ചായത്തുകളിലേയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇവിടെ എത്തിച്ചു ഷ്രഡ്ഡിങ് ചെയ്യാവുന്ന തരത്തിലാണ് സംവിധാനം. വീടുകളിലെത്തി ഹരിത കര്‍മ്മ സേനാംഗങ്ങൾ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മെഷീന്‍ ഉപയോഗിച്ച് കഴുകി പുനരുപയോഗത്തിനുള്ള പൊടിയാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഹരിത കര്‍മസേന അംഗങ്ങൾ വീടുകളിലെത്തി മാലിന്യങ്ങൾ ശേഖരിക്കുമ്പോള്‍ ചെറിയ ഒരു തുക യൂസര്‍ ഫീ നല്‍കണം. വൃത്തിയാക്കി കഴുകി ഉണക്കിയ പ്ലാസ്റ്റിക് കവറുകള്‍, കിറ്റുകള്‍ തുടങ്ങിയവയും ഇവര്‍ ശേഖരിക്കും. തുടര്‍ന്ന് ഇവ മെററീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്ററുകളില്‍ ശേഖരിച്ച ശേഷമാണ് പ്ലാസ്റ്റിക് ഷ്രഡ്ഡിങ് യൂണിറ്റുകളിൽ എത്തിക്കുക. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൊടിച്ച ശേഷം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള റോഡുകളുടെ നിര്‍മ്മാണത്തിനായി ഉപയോഗിക്കും.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേഷ് രാമകൃഷ്ണൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ഹരിത കർമ്മസേന അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
- Log in to post comments