Skip to main content

കോവിഡ് തടസ്സമാവില്ല; അർഹതയുളളവർക്ക് വീട് നൽകും: മുഖ്യമന്ത്രി പിണറായി വിജയൻ

അർഹതയുളളവർക്ക് മുഴുവുൻ വീടു നൽകുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ് മഹാമാരി പോലുളള പ്രതിസന്ധികൾ ഇതിനിടയൽ വന്നെങ്കിലും അവ ബാധിക്കാതെ നടപടികൾ പൂർത്തിയാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സ്വന്തമായി വീട് ഇല്ലാത്തവരെ അഭിമാനബോധമുള്ളവരാക്കി മാറ്റാൻ ലൈഫ് പദ്ധതി സഹായിച്ചു. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി കൊടുങ്ങല്ലൂർ നഗരസഭ നിർമിച്ച 1000 വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം ഓൺലൈൻ ആയി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൈഫ് പദ്ധതി കേരളത്തിൽ ഉണ്ടാക്കിയ മാറ്റം ചെറുതല്ല. മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്. പ്രതിസന്ധികൾക്കിടയിലും ലൈഫ് മിഷന്റെ പ്രവർത്തനം മുടങ്ങാതെ നിർവ്വഹിക്കണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ നടപടികൾ മുന്നോട്ടു പോവുകയാണ്. ഇതിനുവേണ്ടി സുമനസ്സുകളുടെ സഹായം സ്വീകരിക്കാനും യാതൊരു തടസ്സവുമില്ല. പലരും സഹായിക്കാൻ മുന്നോട്ടു വന്നിട്ടുണ്ട്. കേരളത്തിൽ വീടില്ലാതെ ആരും ബുദ്ധിമുട്ടരുത് എന്നതുകൊണ്ടാണ് പദ്ധതിയിൽ നിന്ന് ഉൾപ്പെടാതെപോയവർക്ക് അപേക്ഷിക്കാൻ സെപ്റ്റംബർ 9 വരെ വീണ്ടും അവസരം നീട്ടി കൊടുത്തത്. സംസ്ഥാനത്ത് നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികൾ ലൈഫ് പദ്ധതിയോട് ചേർത്തു. കേന്ദ്രാവിഷ്‌കൃത പദ്ധതിയോടൊപ്പം വലിയൊരു തുക കൂടി സംസ്ഥാനവിഹിതമായി ചേർത്താണ് ഗുണഭോക്താക്കൾക്ക് സൗകര്യപ്രദമായ വീടുകൾ നിർമ്മിക്കുന്നത്. ഇന്ത്യയിൽ തന്നെ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്ന ആദ്യസംസ്ഥാനമായി കേരളം മാറി. കൊടുങ്ങല്ലൂർ നഗരസഭ ഇക്കാര്യത്തിൽ മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ച വെച്ചതെന്നും അദ്ദേഹം പറഞ്ഞു.
വിവാദങ്ങളുടെ പേരിൽ ലൈഫ് പദ്ധതി ഉപേക്ഷിക്കില്ലെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. പാവപ്പെട്ടവർക്ക് വീട് നൽകുന്നത് എതിർക്കുന്ന പ്രവണത നല്ലതല്ല. കേരളത്തെ ഭവനരഹിതരില്ലാത്ത സംസ്ഥാനം ആക്കി മാറ്റുക എന്നതാണ് ലക്ഷ്യം. ലൈഫ് പദ്ധതി ഏതെങ്കിലുമൊരു സർക്കാരിന്റെ പദ്ധതിയായി കാണേണ്ടതില്ല. ജനങ്ങൾ ഏറ്റെടുത്ത പദ്ധതി ആയി ഇത് മാറിക്കഴിഞ്ഞു.
അഡ്വ വി ആർ സുനിൽ കുമാർ എംഎൽഎ, ജില്ലാ കളക്ടർ എസ് ഷാനവാസ്, ലൈഫ് മിഷൻ സി ഇ ഒ യു വി ജോസ് ഐഎഎസ്, കൊടുങ്ങല്ലൂർ നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ, വൈസ് ചെയർപേഴ്സൻ ഹണി പീതാംബരൻ, പി എം എ വൈ അർബൻ ഓഫീസർ ജഹാംഗീർ എസ്, കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ കെ വി ജ്യോതിഷ് കുമാർ, വിവിധ ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

date