Skip to main content

തടവുകാരുടെ പെൺമക്കൾക്ക് വിവാഹ ധനസഹായം

ജയിലിൽ തടവുശിക്ഷ അനുഭവിക്കുന്നവരുടെ പെൺമക്കൾക്ക് സാമൂഹ്യ നീതി വകുപ്പ് വിവാഹ ധനസഹായം നൽകും. വകുപ്പ് നടപ്പിലാക്കുന്ന പ്രൊബേഷൻ സംവിധാനത്തിന്റെ ഭാഗമായി 2020-21 സാമ്പത്തിക വർഷത്തേക്ക് വിവാഹ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.
ജയിലിൽ രണ്ടു വർഷമോ അതിലധികമോ തടവുശിഷ അനുഭവിച്ചവരുടെ (മാതാവ് / പിതാവ് / രണ്ടു പേരും) പെൺമക്കൾക്കാണ് ധനസഹായം. പരമാവധി 30,000 രൂപയാണ് ലഭിക്കുക. ഒരു കുടുംബത്തിൽ നിന്ന് രണ്ടു പെൺകുട്ടികൾക്കാണ് ധനസഹായം അനുവദിക്കുക. തടവുകാരായ മാതാവ് / പിതാവ് അല്ലെങ്കിൽ വിവാഹിതയായ പെൺകുട്ടി എന്നിവരിൽ ഒരാൾക്ക് അപേക്ഷ സമർപ്പിക്കാം. ജയിൽ സൂപ്രണ്ട് / പ്രൊബേഷൻ ഓഫീസർ എന്നിവർക്കാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷ ഫോം ഓഫീസിൽ ലഭിക്കും. www.sjd.kerala.gov.in എന്ന വെബ്‌സെറ്റിൽ സോഷ്യൽ ഡിഫൻസ് എന്ന ലിങ്കിലും ലഭ്യമാണ്.
അപേക്ഷകർ ബി പി എൽ ലിസ്റ്റിൽ ഉള്ളവരാകണം. റേഷൻ കാർഡിന്റെ പകർപ്പ് അപേക്ഷയ്‌ക്കൊപ്പം വയ്ക്കണം. അർഹരായവർ റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം ഹാജരാക്കണം. പ്രൊബേഷൻ ഓഫീസിൽ നൽകുന്ന അപേക്ഷക്കൊപ്പം ജയിൽ സൂപ്രണ്ടിന്റെ സാക്ഷ്യപത്രം ഹാജരാക്കണം. വിവാഹം കഴിഞ്ഞ് ആറ് മാസത്തിന് ശേഷമോ ഒരു വർഷത്തിനുള്ളിലോ അപേക്ഷ നൽകണം. അപേക്ഷയോടൊപ്പം വിവാഹ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ദമ്പതികൾ ഒന്നിച്ചു താമസിക്കുന്നവരാണെന്നുള്ള ജനപ്രതിനിധിയുടെ സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം.
പദ്ധതിയെ സംബന്ധിച്ചുള്ള വിശദ വിവരങ്ങൾ, അപേക്ഷാ ഫോം എന്നിവ അയ്യന്തോൾ സിവിൽ സ്റ്റേഷനിലെ ജില്ലാ പ്രൊബേഷൻ ഓഫീസറുടെ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കും. സെപ്തംബർ 22 വരെ അപേക്ഷിക്കാം. ഫോൺ: 04872363999.

date