ലൈഫ് മിഷൻ: കൊടുങ്ങല്ലൂരിൽ ആയിരം വീടുകൾ യാഥാർത്ഥ്യമായി
സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി പി.എം.എ.വൈ.-ലൈഫ് പദ്ധതി പ്രകാരം പാവപ്പെട്ടവർക്ക് ആയിരം വീടുകൾ നിർമ്മിച്ച് നൽകി കൊടുങ്ങല്ലൂർ നഗരസഭ. നാല് പതിറ്റാണ്ടുകൾ പിന്നിട്ട നഗരസഭയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തി ആയിരം വീടുകൾ നിർമ്മിക്കുന്നത്. വീട് നിർമ്മാണത്തിനായി സർക്കാർ ധനസഹായത്തിന് പുറമെ 3.54 കോടി രൂപ നഗരസഭ ബാങ്ക് വായ്പ എടുത്താണ് പണി പൂർത്തീകരിച്ചത്. പദ്ധതിയിൽ ഉൾപ്പെട്ട ശേഷിക്കുന്ന 127 വീടുകളുടെ പണിയും പൂർത്തീകരിച്ചു കൊണ്ടിരിക്കുകയാണ്.നിർമ്മാണ പൂർത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു.
2019ൽ ലൈഫ് മിഷന്റെ ഭാഗമായി ഏറ്റവും കൂടുതൽ വീടുകൾ നിർമ്മിച്ചു നൽകിയ നഗരസഭയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം കൊടുങ്ങല്ലൂർ നഗരസഭയ്ക്കായിരുന്നു. സർക്കാരിന്റെ പല പദ്ധതികളിലായി നിർമ്മാണം പൂർത്തിയാക്കുവാൻ കഴിയാതിരുന്ന വീടുകളിൽ നൂറ് ശതമാനം പൂർത്തീകരിച്ചതിനും അവാർഡ് ലഭിച്ചിരുന്നു. കൂടാതെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി വഴി ഭവനനിർമ്മാണത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ ദിനങ്ങൾ നൽകിയ സംസ്ഥാനത്തെ ഒന്നാമത്തെ തദ്ദേശഭരണ സ്ഥാപനമായും നഗരസഭയെ തെരഞ്ഞെടുത്തിരുന്നു. രണ്ട് ലക്ഷം തൊഴിലവസരങ്ങളാണ് ലൈഫ് പദ്ധതി വഴി കൊടുങ്ങല്ലൂർ നഗരസഭയ്ക്ക് സൃഷ്ടിക്കാൻ സാധിച്ചത്. പി എം എ വൈ ഭവന നിർമ്മാണ പദ്ധതിയുടെ ഭാഗമായി നഗരസഭ ഏർപ്പെടുത്തിയ ടെലി കൗൺസിലിംഗിനും ദേശീയ പുരസ്‌കാരം ലഭിച്ചു. കാവിൽകടവിൽ 12 പാവപ്പെട്ട കുടുംബങ്ങൾക്ക് വീട് നിർമ്മിക്കുന്ന പണിയും പുരോഗതിയിലാണ്.
നഗരസഭയുടെ ഭവന നിർമ്മാണ പദ്ധതിക്ക് നേരത്തെ തന്നെ കേന്ദ്ര സംഘത്തിൻറെ അംഗീകാരം ലഭിച്ചിരുന്നു. ഇതിൻറെ ഭാഗമായി പി എം എ വൈ മേഖല വിഭാഗം മേധാവി ലാവണ്യ ഗലോട്ടിന്റെ നേതൃത്വത്തിലുള്ള സംഘം 2019ൽ കൊടുങ്ങല്ലൂരിൽ എത്തി പുരോഗതികൾ വിലയിരുത്തിയിരുന്നു. ഭവന കെട്ടിട നിർമ്മാണ രംഗത്ത് നൂതനരീതികൾ ആണ് നഗരസഭ നടപ്പിലാക്കുന്നത്. പുതിയ കെട്ടിടം നിർമ്മിക്കുന്നവർ കെട്ടിടത്തോടൊപ്പം മരവും വെച്ചു പിടിപ്പിക്കണം എന്ന നഗരസഭയുടെ യുടെ നിബന്ധനക്ക് സംസ്ഥാന സർക്കാരിൻറെ നിയമപരിരക്ഷ ലഭിച്ചിരുന്നു. മുനിസിപ്പൽ കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ വന്ന പുതിയ ഭേദഗതിയിലാണ് സമാനമായ വ്യവസ്ഥ സർക്കാർ കൂട്ടിച്ചേർത്തത്. കൂടാതെ നഗരസഭയിലെ നഗര ഉപജീവന മിഷനുമായി ചേർന്ന് വീടും തൊഴിലും എന്ന പേരിൽ നൂതന പദ്ധതിയും നടപ്പിലാക്കുന്നുണ്ട്. നഗരസഭ നിർമ്മിച്ചു നൽകുന്ന വീടുകളിലെ കുടുംബാംഗങ്ങളിൽ ഒരാൾക്ക് തൊഴിൽ നൽകുന്ന പദ്ധതിയാണിത്.
- Log in to post comments