ഒഴൂര്‍ മള്‍ട്ടി പഞ്ചായത്ത് ജലനിധി നാടിന് സമര്‍പ്പിച്ചു: 3,300 കുടുംബങ്ങള്‍ക്ക് ശുദ്ധജലം ലഭ്യമാകും
സംസ്ഥാന സര്‍ക്കാര്‍ ജലവിഭവ വകുപ്പ് മുഖേന നടപ്പാക്കുന്ന ഗ്രാമീണ ശുദ്ധജല ശുചിത്വ പദ്ധതി ഒഴൂര്‍ മള്‍ട്ടി പഞ്ചായത്ത് ജലനിധി നാടിന് സമര്‍പ്പിച്ചു. വി.അബ്ദുറഹ്മാന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഒഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വി പ്രജിത അധ്യക്ഷയായി. ജലനിധി റീജനല്‍ പ്രൊജക്ട് മാനേജര്‍ ഹൈദരലി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാട്ടര്‍ അതോറിറ്റിയില്‍ നിന്നും ബള്‍ക്ക് വാട്ടര്‍ മുഖേനയാണ് ജലനിധി പദ്ധതിയിലൂടെ ശുദ്ധീകരിച്ച കുടിവെള്ളം വിതരണം ചെയ്യുന്നത്. ഒഴൂര്‍ പഞ്ചായത്തിലെ 3,300 കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കും. കടലുണ്ടി പുഴയിലെ പെരുമ്പുഴക്കടവില്‍ വാട്ടര്‍ അതോറിറ്റിയുടെ അധീനതയിലുണ്ടായിരുന്ന കിണര്‍ പുനരുദ്ധീകരിച്ച് വെള്ളം കോഴിച്ചെന ആര്‍.ആര്‍.ആര്‍.എഫ് ക്യാമ്പില്‍ സ്ഥിതി ചെയ്യുന്ന ടാങ്കിലേക്ക് പമ്പ് ചെയ്യും. ഇവിടെ നിന്നാണ് ഒഴൂര്‍ മള്‍ട്ടി ജിപി പദ്ധതിക്ക് ആവശ്യമായ ശുദ്ധജലം വിതരണത്തിനായി ലഭ്യമാക്കുന്നത്.
മണലിപ്പുഴ ജി.എം.എല്‍.പി സ്‌കൂള്‍ പരിസരത്ത് വിദ്യാഭ്യാസ വകുപ്പ് വിട്ടുനല്‍കിയ 15 സെന്റ് സ്ഥലത്ത് 14.7 ലക്ഷം ലിറ്ററും ചുരങ്ങരയില്‍ 40000 ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കുമാണ് നിര്‍മിച്ചിരിക്കുന്നത്. 195 കിലോമീറ്റര്‍ വിതരണശൃംഖലയാണ് ഒഴൂര്‍ പഞ്ചായത്തിലുള്ളത്. 10.75 കോടി രൂപയുടെ ഭരണാനുമതിയും 9.70 കോടിയുടെ സാങ്കേതിക അനുമതിയും പദ്ധതിക്കായി പഞ്ചായത്ത് നല്‍കിയിട്ടുണ്ട്.
എസ്.എല്‍.ഇ.സി പ്രസിഡന്റ് അപ്പുക്കുട്ടന്‍ മാസ്റ്റര്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ അലവി മുക്കാട്ടില്‍, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രമീള മാമ്പറ്റയില്‍, ഹംസഹാജി വെള്ളാലി, പഞ്ചായത്ത് അംഗം തറമ്മല്‍ ബാവു, പ്രസാദ്, ഒഴൂര്‍ പഞ്ചായത്ത് സെക്രട്ടറി എ.സി അശോകന്‍, കെ.ടി രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഒഴൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഷ്‌കര്‍ കോറാട് സ്വാഗതവും എസ്.എല്‍.ഇസി സെക്രട്ടറി മൊയ്തീന്‍കുട്ടി പൊക്കാശ്ശേരി നന്ദിയും പറഞ്ഞു.
- Log in to post comments