ഭക്ഷ്യവസ്തുക്കളുടെ വില-ഗുണനിലവാരം ലീഗല്‍ മെട്രോളജി കണ്‍ട്രോള്‍ റൂം തുറന്നു
പരിശോധനയ്ക്ക് സ്‌ക്വാഡ് ഇന്ന് ഇറങ്ങും
ഓണം, ബക്രീദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഭക്ഷ്യവസ്തുക്കള്‍ക്ക് വിപണികളില്‍ അമിത വില ഈടാക്കുന്നത് തടയുന്നതിനും ഉപഭോക്താക്കള്‍ക്ക് കൃത്യമായ അളവിലും തൂക്കത്തിലും സാധനങ്ങള്‍ ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനുമായി ലീഗല്‍ മെട്രോളജിയുടെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു. വിപണികളില്‍ പരിശോധനയ്ക്കായി ലീഗല്‍ മെട്രോളജിയുടെ പ്രത്യേക സക്വാഡുകളും ഇന്ന് (ഓഗസ്റ്റ് 28) ഇറങ്ങും. മുദ്ര ചെയ്യാത്ത അളവുതൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതും പായ്ക്കിങ് രജിസ്‌ട്രേഷന്‍ എടുക്കാതെ ഉല്‍പ്പന്നം പായ്ക്ക് ചെയ്യുന്നുണ്ടോയെന്നതും സ്‌ക്വാഡ് പരിശോധിക്കും. പായ്ക്ക് ചെയ്ത ഉല്‍പ്പന്നങ്ങളിലെ തൂക്കകുറവ്, പായ്ക്കറ്റുകളില്‍ നിയമപ്രകാരം പ്രഖ്യാപനങ്ങള്‍ ഇല്ലാതിരിക്കുക, അമിത വില ഈടാക്കുക, വില്‍പ്പനവില മായ്ക്കുക, മറയ്ക്കുക, തിരുത്തുക, പായ്ക്കര്‍/ ഇംപോര്‍ട്ടര്‍ രജിസ്‌ട്രേഷന്‍ എടുക്കാതിരിക്കുക, കസ്റ്റമര്‍ കെയര്‍ നമ്പര്‍/ ഇ-മെയില്‍ വിലാസം രേഖപ്പെടുത്താതിരിക്കുക, കസ്റ്റമര്‍ കെയര്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തുക, അളവിലും തൂക്കത്തിലും കുറവ് വരുത്തുക, അളവ് തൂക്ക ഉപകരണങ്ങള്‍ യഥാസമയം മുദ്ര പതിപ്പിക്കാതിരിക്കുക, ബന്ധപ്പെട്ട രേഖകള്‍ പരിശോധനയ്ക്ക് ഹാജരാക്കാതിരിക്കുക, അളവും തൂക്കവും ഉപഭോക്താക്കള്‍ കാണുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കാതിരിക്കുക തുടങ്ങിയവയുമായി ബന്ധപ്പെട്ട പരിശോധനകള്‍ സ്‌ക്വാഡ് നടത്തും. സെപ്തംബര്‍ രണ്ട് വരെ സ്‌ക്വാഡുകളും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. ഉപഭോക്താക്കള്‍ വിപണിയിലെ ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 0483 2766157 എന്ന കണ്‍ട്രോള്‍ റൂം നമ്പറില്‍ ബന്ധപ്പെട്ട് പരാതികള്‍ അറിയിക്കണം. 'സുതാര്യം' മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേനയും പരാതികള്‍ നല്‍കാം.
- Log in to post comments