ഫിഷ് ലാൻഡിങ് സെൻററുകളിലെ സൗകര്യങ്ങൾ ജില്ലാ കളക്ടർ വിലയിരുത്തി
ആലപ്പുഴ : തീരദേശ മേഖലകളായ അന്ധകാരനഴി, അർത്തുങ്കൽ ഹാർബർ, ചെത്തി (കാറ്റാടി) എന്നിവിടങ്ങളിൽ ജില്ലാകളക്ടർ എ അലക്സാണ്ടർ സന്ദർശിച്ചു.
കോവിഡിൻറെ പശ്ചാത്തലത്തിൽ ചെത്തി, അന്ധകാരനഴി എന്നിവിടങ്ങളിൽ മത്സ്യബന്ധന യാനങ്ങൾ അടുപ്പിക്കാനുള്ള സൗകര്യം നൽകിയിരുന്നു. ഇവിടത്തെ സൗകര്യങ്ങളും നിയന്ത്രണങ്ങളും വിലയിരുത്താനും, അർത്തുങ്കൽ ഹാർബറിൽ ഫിഷ് ലാൻഡിംഗ് സെൻററിനുള്ള സാധ്യത പരിശോധിക്കാനും ആണ് ജില്ലാ കലക്ടർ സന്ദർശനം നടത്തിയത്.
മത്സ്യബന്ധന വള്ളങ്ങൾ കരയിൽ അടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കാലങ്ങളായി മത്സ്യത്തൊഴിലാളികൾ നേരിടുന്ന ബുദ്ധിമുട്ടുകളും കളക്ടർ വിലയിരുത്തി.
അന്ധകാരനാഴിയിൽ പൊഴിമുഖത്ത് മണ്ണ് അടിയുന്നതാണ് മത്സ്യബന്ധന വള്ളങ്ങൾ അടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വലിയതോതിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. വേലിയേറ്റം ഉണ്ടെങ്കിൽ മാത്രമേ വള്ളങ്ങൾ കരയിലേക്ക് കയറ്റി മീൻ ഇറക്കാൻ പറ്റുന്നുള്ളു. എന്നാൽ വേലിയിറക്ക സമയത്ത് മണ്ണ് അടിഞ്ഞുകൂടുന്നതു മൂലം കരയിലേക്ക് മത്സ്യബന്ധന വള്ളങ്ങൾ അടിപ്പിക്കാൻ സാധിക്കുന്നില്ല. ഇതിനു പരിഹാരമായി അന്ധകാരനഴി തെക്കുവശത്തായി പുലിമുട്ട് ഇടണം എന്നുള്ള ആവശ്യം മത്സ്യത്തൊഴിലാളികൾ ഉന്നയിച്ചു.
ഈ നിർദേശങ്ങൾ സർക്കാരിൻറെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
അർത്തുങ്കൽ ഹാർബർ നിർമ്മാണം പൂർത്തിയായാൽ മാത്രമേ അർത്തുങ്കൽ, ചെത്തി എന്നിവിടങ്ങളിലെ പ്രശ്നങ്ങൾ പൂർണ്ണമായി പരിഹരിക്കാൻ സാധിക്കുകയുള്ളു. നിലവിലെ അവിടുത്തെ സ്ഥിതിഗതികളും കളക്ടർ വിലയിരുത്തി. ചേർത്തല തഹസിൽദാർ ഉഷ, മത്സ്യത്തൊഴിലാളി പ്രതിനിധികൾ തുടങ്ങിയവരും കളക്ടർക്കൊപ്പം ഒപ്പമുണ്ടായിരുന്നു.
photo caption - ഫിഷ് ലാൻഡിങ് സെൻറർ സൗകര്യങ്ങൾ വിലയിരുത്താൻ ജില്ലാകലക്ടർ കാറ്റാടി കടപ്പുറം സന്ദർശിക്കുന്നു
- Log in to post comments