Skip to main content

റിവേഴ്‌സ് ക്വാറന്റൈന്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ ഉദാസീനത പാടില്ല: ഡിഎംഒ

റിവേഴ്‌സ് ക്വാറന്റൈന്‍ പൂര്‍ണമായി നടപ്പാക്കണമെന്നും ഇതില്‍ ഉദാസീനത കാട്ടിയാല്‍ ജില്ലയില്‍ മരണ നിരക്ക് കുത്തനെ ഉയരുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍. ഷീജ അറിയിച്ചു.
കോവിഡ് 19 മൂലം ജില്ലയില്‍ മരണമടയുന്നവരില്‍ ഭൂരിഭാഗം പേരും മുതിര്‍ന്ന പൗരന്മാരാണ്. കുടുംബാംഗങ്ങളില്‍ നിന്നും പരിചരിക്കുന്ന വ്യക്തികളില്‍ നിന്നുമാണ് കൂടുതല്‍ പേര്‍ക്കും രോഗം പകര്‍ന്നിട്ടുള്ളത്. റിവേഴ്‌സ് ക്വാറന്റൈന്‍ നടപ്പാക്കുന്നതിലുള്ള ശ്രദ്ധക്കുറവിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
നമ്മുടെ ജില്ലയില്‍ രണ്ടു ലക്ഷത്തില്‍ അധികം മുതിര്‍ന്ന പൗരന്മാരുണ്ട്. അവരെ രോഗത്തില്‍ നിന്നും സംരക്ഷിക്കേണ്ട ചുമതല കുടുംബാംഗങ്ങള്‍ക്കുണ്ട്. യാത്ര ചെയ്യുകയും തിരക്കുള്ള സ്ഥലങ്ങളില്‍ പോകുകയും ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്യുന്ന കുടുംബാംഗങ്ങള്‍ മുതിര്‍ന്ന പൗരന്മാരുമായും ഗുരുതരമായ രോഗങ്ങള്‍ ഉള്ളവരുമായും ചെറിയ കുട്ടികളുമായും സമ്പര്‍ക്കത്തില്‍ വരാതെ ശ്രദ്ധിക്കണം. കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലും കെയര്‍ സെന്ററുകളിലും ജോലി ചെയ്യുന്നവരും കുടുംബാംഗങ്ങളുമായി ഇടപഴകുമ്പോള്‍ നിയന്ത്രണങ്ങള്‍ പാലിക്കണം. പ്രായമായവരേയും കിടപ്പു രോഗികളേയും പരിചരിക്കുന്നവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം.
മാര്‍ക്കറ്റുകള്‍, മറ്റ് പൊതുഇടങ്ങള്‍എന്നിവിടങ്ങളില്‍ നിന്നും മുതിര്‍ന്ന പൗരന്മാര്‍ക്ക് രോഗം ബാധിക്കുന്നതിനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് പതിന്മടങ്ങ് കൂടുതലാണ്. അതിനാല്‍ അടിയന്തിര സാഹചര്യങ്ങളിലൊഴികെ മുതിര്‍ന്ന പൗരന്മാര്‍ പുറത്തു പോകാന്‍ പാടില്ല. സന്ദര്‍ശകരുമായി ഇടപഴകുന്നതില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണം. സാധാരണ ചികിത്സാ നിര്‍ദേശങ്ങള്‍ക്ക് ഇ-സഞ്ജീവനി പോലെയുള്ള മാര്‍ഗങ്ങള്‍ അവലംബിക്കണമെന്നും ഡിഎംഒ നിര്‍ദേശിച്ചു.
 

date