Skip to main content

പമ്പയുടെ നെട്ടായത്തില്‍ ആചാരമായി ആറന്മുള ഉത്രട്ടാതി ജലോത്സവം; ആശ്വാസത്തിന്റെ തുഴയെറിഞ്ഞ് ളാക-ഇടയാറന്മുള പള്ളിയോടം

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പമ്പയുടെ നെട്ടായത്തില്‍ ആചാരമായി ആറന്മുള ഉത്രട്ടാതി ജലോത്സവം നടന്നു. കരക്കാരുടെ മനസില്‍ ആശ്വാസത്തിന്റെ തുഴയെറിഞ്ഞ് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രക്കടവിലെത്തിയ ളാക-ഇടയാറന്മുള പള്ളിയോടത്തിന് ആചാരപരമായ സ്വീകരണം നല്‍കി. കോവിഡിന്റെ പശ്ചാത്തലത്തിലാണ് ഒരു പള്ളിയോടം മാത്രം ഉത്രട്ടാതി വള്ളംകളിയില്‍ പങ്കെടുത്തത്. രാവിലെ 10.15 ന് പാര്‍ഥസാരഥി ക്ഷേത്രക്കടവിലെത്തിയ പള്ളിയോടത്തിന്റെ കരനാഥന്മാര്‍ തിരുവോണത്തോണിയെ സാക്ഷിയാക്കി വെറ്റപുകയിലയും അവില്‍പ്പൊതിയും മാലയും കളഭവും ഏറ്റുവാങ്ങി. പള്ളിയോട സേവാസംഘം പ്രസിഡന്റ് ബി. കൃഷ്ണകുമാര്‍ കൃഷ്ണവേണി സെക്രട്ടറി പി. ആര്‍. രാധാകൃഷ്ണന്‍, ട്രഷറര്‍ സഞ്ജീവ് കുമാര്‍, വൈസ് പ്രസിഡന്റ് സുരേഷ്  ജി. വെണ്‍പാല എന്നിവരാണ് വെറ്റപുകയിലയും അവില്‍പ്പൊതിയും മാലയും കളഭവും  സമര്‍പ്പിച്ചത്.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അഡ്വ. എന്‍. വിജയകുമാര്‍, കെ.ജി. രവി, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്്മകുമാര്‍, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗം ബി.  രാധാകൃഷ്ണമേനോന്‍, ദേവസ്വം  അസിസ്റ്റന്‍ഡ് കമ്മീഷണര്‍ എസ്. അജിത് കുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പി.ബി. ഹരിദാസ്, കോയിപ്രം ബ്ലോക്ക് പ്രസിഡന്റ് കൃഷ്ണകുമാര്‍  എന്നിവര്‍ സന്നിഹിതരായിരുന്നു.
സ്വീകരണത്തിന് ശേഷം പാര്‍ഥസാരഥി ക്ഷേത്രക്കടവിന് സമീപം ളാക-ഇടയാറന്മുള പള്ളിയോടം ചവിട്ടിത്തിരിക്കല്‍ ഉള്‍പ്പെടെയുള്ള പ്രകടനം കാഴ്ചവച്ചു. നിയന്ത്രണങ്ങള്‍ പാലിച്ച് പള്ളിയോടത്തിന് പഴക്കുല സമര്‍പ്പിക്കാനും അവില്‍പ്പൊതി സമര്‍പ്പിക്കാനും ഏതാനും ഭക്തര്‍ എത്തിയിരുന്നു.
അന്‍പത്തിരണ്ട് പള്ളിയോടങ്ങള്‍ പമ്പയുടെ നെട്ടായത്തില്‍ ഉത്രട്ടാതി വള്ളംകളിക്ക് അണിനിരക്കുന്നത് കാത്തിരുന്ന കരക്കാര്‍ക്ക് കോവിഡ് മഹാമാരികാരണം ഒരു പള്ളിയോടം പോലും ഇറക്കാന്‍ കഴിയുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍, ഒരു പള്ളിയോടത്തിന് അനുമതി ലഭിച്ചത് പള്ളിയോടക്കരകള്‍ക്ക് ആശ്വാസമായി.
ഉത്രട്ടാതി വള്ളംകളിക്ക് പടിഞ്ഞാറന്‍മേഖലയില്‍ നിന്നുളള കരക്കാരാണ് ളാക-ഇടയാറന്മുള പള്ളിയോടത്തിലെ കരക്കാര്‍ക്കൊപ്പം പങ്കെടുത്തത്. സെപ്റ്റംബര്‍ 10 ന് നടക്കുന്ന അഷ്ടമിരോഹിണി വള്ളസദ്യയ്ക്ക് മദ്ധ്യമേഖലയില്‍ നിന്നുള്ള കരക്കാരാണ് പങ്കെടുക്കുന്നത്. പള്ളിയോടത്തില്‍ കയറുന്നവര്‍ക്ക് കോവിഡ്-19 സംബന്ധിച്ച മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. കരക്കാരെ ശരീരത്തിന്റെ താപനില ഉള്‍പ്പെടെ പരിശോധിച്ച ശേഷമാണ് പള്ളിയോടത്തില്‍ പ്രവേശിപ്പിച്ചത്.
 

date