തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ ഡയറക്ടറേറ്റ് ഉദ്ഘാടനം ചെയ്തു
തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ ഡയറക്ടറുടെ ഓഫീസ് പ്രവർത്തനം തുടങ്ങി. ഓഫീസിന്റെ ഉദ്ഘാടനം സ്വരാജ് ഭവനിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി ഡോ. കെ.ടി. ജലീൽ നിർവ്വഹിച്ചു. കേരളത്തിലെ തദ്ദേശ സ്വയംഭരണ സംവിധാനം ഏകീകരിച്ച് ഒരൊറ്റ ഭരണ യൂണിറ്റാക്കുന്നതിന്റെ ഭാഗമായി എ. അജിത് കുമാറിനെ തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ ഡയറക്ടറായി നിയമിച്ചിരുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നന്മയാഗ്രഹിക്കുന്നവരുടെ ദീർഘനാളത്തെ സ്വപ്നമാണ് വകുപ്പ് ഏകീകരണത്തിലൂടെ പൂവണിയുന്നതെന്ന് മന്ത്രി ഡോ. കെ.ടി. ജലീൽ പറഞ്ഞു.
തദ്ദേശ സ്വയംഭരണ വകുപ്പ് അഡീ.ചീഫ് സെക്രട്ടറി ടി.കെ. ജോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എ. അജിത് കുമാർ മുഖ്യപ്രഭാഷണം നടത്തി. വി.എസ്. സന്തോഷ് കുമാർ (അഡി. ഡെവലപ്‌മെന്റ് കമ്മീഷണർ), പി. മേരിക്കുട്ടി (പഞ്ചായത്ത് ഡയറക്ടർ), ഹരിത വി. കുമാർ (നഗരകാര്യ ഡയറക്ടർ), പി.ആർ. സജികുമാർ (ചീഫ് എഞ്ചിനീയർ, തദ്ദേശ സ്വയംഭരണ എഞ്ചിനീയറിംഗ്), ഷാജി ജോസഫ് (ചീഫ് ടൗൺ പ്ലാനർ) ഡോ. എൻ. രമാകാന്തൻ (ലോക്കൽ ഗവൺമെന്റ് കമ്മീഷൻ അംഗം) തുടങ്ങിയവർ പങ്കെടുത്തു.
തദ്ദേശ സ്വയംഭരണ സംവിധാനം ഏകീകരിക്കുകയെന്ന സർക്കാരിന്റെ പ്രഖ്യാപിത നയം നടപ്പിൽ വരുത്തുന്നതിനുള്ള ഭരണ നടപടികളുടെ ഭാഗമായാണ് ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രിൻസിപ്പൽ ഡയറക്ടറേറ്റ് നിലവിൽ വരുന്നത്. തിരുവനന്തപുരത്ത് നന്തൻകോട് സ്വരാജ്ഭവൻ അഞ്ചാം നിലയിലായിരിക്കും ഓഫീസ് പ്രവർത്തിക്കുന്നത്.
പി.എൻ.എക്‌സ്.971/18
- Log in to post comments