Skip to main content

വന്യമൃഗങ്ങള്‍ കൃഷി നശിപ്പിച്ചു; താലൂക്ക്തല അദാലത്തില്‍ പരിഹാരം 

 

''വന്യമൃഗങ്ങള്‍ കൃഷി നശിപ്പിച്ചു. കപ്പ, വാഴ, കോലിഞ്ചി എല്ലാം നശിപ്പിച്ചു. പരിഹാരം കാണാന്‍ അപേക്ഷ നല്‍കിയിട്ട് മാസങ്ങളായി സര്‍...പരിഹാരം കാണണം...'' ജില്ലാ കളക്ടര്‍ നടത്തിയ കോന്നി താലൂക്ക്തല  ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്തില്‍ അരുവാപുലത്ത് നിന്നും പങ്കെടുത്ത രവീന്ദ്രനാഥിന്റെ വാക്കുകളാണിത്. അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കര്‍ഷകനാണ് രവീന്ദ്രനാഥ്. വന്യമൃഗങ്ങള്‍ കൃഷി നശിപ്പിച്ചതിനാല്‍ അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കണം എന്നതായിരുന്നു പരാതി. ഈ ആവശ്യം പരിഗണിച്ച ജില്ലാ കളക്ടര്‍ പരിഹാരവുമുണ്ടാക്കി. നഷ്ടപരിഹാരമായി 10375 രൂപ ഒരാഴ്ച്ചയ്ക്കുള്ളില്‍ രവീന്ദ്രനാഥിന് ലഭ്യമാക്കാനുള്ള നടപടികള്‍ കളക്ടര്‍ സ്വീകരിച്ചു.  ഇതോടൊപ്പം അദ്ദേഹത്തിന്റെ മറ്റു പരാതികളിലും ഉടന്‍ പരിഹാരം കാണും. വനഭൂമിയില്‍ കൂടിയുള്ള റോഡ് കോണ്‍ക്രീറ്റ് ചെയ്യാനും പ്രദേശത്ത് ഫോണ്‍ നെറ്റ് വര്‍ക്ക് ലഭിക്കുന്നത് സംബന്ധിച്ചായിരുന്നു അദ്ദേഹത്തിന്റെ മറ്റു രണ്ട് പരാതികള്‍. റോഡ് കോണ്‍ക്രീറ്റ് വിഷയവുമായി ബന്ധപ്പെട്ട് കോന്നി ഡിഎഫ്ഒ ഫണ്ട് ഉപയോഗിച്ചോ ഗ്രാമ പഞ്ചായത്തില്‍ നിന്ന് വനം സംരക്ഷണ സമിതിക്ക് കൈമാറുന്ന തുക ഉപയോഗിച്ചോ നിര്‍മ്മാണം നടത്താന്‍ നടപടിയായി. ഫോണ്‍ നെറ്റ്‌വര്‍ക്ക് പ്രശ്‌നം പരിഹരിക്കാന്‍ ടെലികോം കമ്പനികളുമായി വരും ആഴ്ച്ചയില്‍ കൂടിക്കാഴ്ച്ച നടത്താനും തീരുമാനമായി. 

റേഷന്‍ കാര്‍ഡ് പരാതികളില്‍ രണ്ടു കാര്‍ഡുകളുടെ പരാതികള്‍ അദാലത്തില്‍ പരിഹരിച്ച് റേഷന്‍ കാര്‍ഡുകള്‍ തയ്യാറാക്കി നല്‍കുകയും ബാക്കിയുള്ളവ ഉടന്‍ തയ്യാറാക്കി നല്‍കുകയും ചെയ്യും.

എ ഡി എം അലക്സ് പി തോമസ്, അസിസ്റ്റന്റ് കളക്ടര്‍ വി ചെല്‍സാ സിനി, ആര്‍ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ജെസിക്കുട്ടി മാത്യു, കോന്നി തഹസില്‍ദാര്‍ കെ ശ്രീകുമാര്‍, ഐ.ടി മിഷന്‍ ഡി.പി.എം ഷൈന്‍ ജോസ്, സിവില്‍ സപ്ലൈസ് സീനിയര്‍ സൂപ്രണ്ടന്റ് എം എന്‍ വിനോദ് കുമാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഓണ്‍ലൈന്‍ അദാലത്തില്‍ പങ്കെടുത്തു.

 

date