കൊണ്ടോട്ടി എക്സൈസ് റെയ്ഞ്ച് ഓഫീസ് ഉദ്ഘാടനം ചെയ്തു
സംസ്ഥാന എക്സൈസ് വകുപ്പിന്റെ എക്സൈസ് റേഞ്ച് ഓഫീസ് കൊണ്ടോട്ടിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഓഫീസിന്റെ പ്രവര്‍ത്തനോദ്ഘാടനം ടി വി ഇബ്രാഹിം എം.എല്‍.എ നിര്‍വഹിച്ചു. കൊണ്ടോട്ടി നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സി ഷീബ അധ്യക്ഷത വഹിച്ചു.
മയക്കുമരുന്ന്, ലഹരി വസ്തുക്കള്‍ സംബന്ധിച്ച കേസുകള്‍ വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ ഓഫീസിന്റെ പ്രവര്‍ത്തനം എറെ ആശ്വാസമാകും. മലപ്പുറത്ത് പ്രവര്‍ത്തിച്ചിരുന്ന എക്സൈസ് ഓഫീസാണ് കൊണ്ടോട്ടി തുറക്കലില്‍ പുതുതായി പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളത്.
വാഴയൂര്‍, വാഴക്കാട് പോലെയുള്ള പഞ്ചായത്തുകളില്‍ നിന്ന് എക്സൈസ് കേസ് റിപ്പോര്‍ട്ട് ചെയ്താല്‍ ഉദ്യോഗസ്ഥര്‍ 40 കിലോമീറ്റര്‍ സഞ്ചരിച്ചു വേണം എത്താന്‍. ഈ റെയ്ഞ്ച് ഓഫീസ് പരിധിയില്‍ കൊണ്ടോട്ടി താലൂക്കിലെ വാഴയൂര്‍, വാഴക്കാട്, ചെറുകാവ്, പുളിക്കല്‍, മുതുവല്ലൂര്‍, കൊണ്ടോട്ടി, നെടിയിരുപ്പ്, കുഴിമണ്ണ, മൊറയൂര്‍ വില്ലേജുകളും, ഏറനാട് താലൂക്കിലെ പൂക്കോട്ടൂര്‍, ആനക്കയം, മേല്‍മുറി, മലപ്പുറം, പാണക്കാട് വില്ലേജുകളുമടക്കം ആകെ 14 വില്ലേജുകളാണ് ഉള്‍പ്പെടുന്നത്. ഒരു എക്സൈസ് ഓഫീസര്‍, മൂന്ന് പ്രിവന്റീവ് ഓഫീസര്‍മാര്‍, 12 സിവില്‍ എക്സൈസ് ഓഫീസര്‍മാര്‍, രണ്ട് വനിതാ സിവില്‍ എക്സൈസ് ഓഫിസര്‍മാര്‍, ഡ്രൈവര്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍ തുടങ്ങി 20 തസ്തികകളാണ് ഈ ഓഫിസില്‍ ഉണ്ടാകുക.
കോവിഡ് നിയമാവലികള്‍ പാലിച്ച് നടന്ന ചടങ്ങില്‍ നഗരസഭാ സ്ഥിരംസമിതി അംഗം മുഹമ്മദ് റാഫി, വാര്‍ഡ് അംഗം യു.കെ മമ്മദിശ, മലപ്പുറം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ സി.വി ഏലിയാസ്, എക്സൈസ് ഇന്‍സ്പെക്ടര്‍ എ.ശ്രീധരന്, സ്റ്റാഫ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. രാമകൃഷ്ണന്, മഞ്ചേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments