വികസന പദ്ധതികളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വേണം: ഇ.ടി.മുഹമ്മദ് ബഷീര്‍ എം. പി
കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ആസൂത്രണത്തിലും നിര്‍വ്വഹണത്തിലും കാലാനുസൃതമായ മാറ്റങ്ങള്‍ അനിവാര്യമാണെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. ജില്ലയില്‍ നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കായുള്ള ജില്ലാതല കോഓര്‍ഡിനേഷന്‍ & മോണിറ്ററിങ് കമ്മറ്റി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നടത്തിയ അവലോകന യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2020-21 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ആശാവഹമായ പുരോഗതിയിലാണെങ്കിലും പദ്ധതി നിര്‍വ്വഹണത്തില്‍ നേരിടുന്ന വൈഷമ്യങ്ങള്‍ ലഘൂകരിക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങളും പരിഹാരങ്ങളും തദ്ദേശ സ്ഥാപന പ്രതിനിധികളും ഉദ്യോഗസ്ഥരും കൈക്കൊണ്ട് സമയബന്ധിതമായ പദ്ധതികളുടെ പൂര്‍ത്തീകരണം ഉറപ്പാക്കണമെന്ന് എം. പി. ആവശ്യപ്പെട്ടു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ സുസ്ഥിര ആസ്തികള്‍ സൃഷ്ടിക്കുന്നതിനും കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍തൂക്കം നല്‍കണമെന്നും നിര്‍ദ്ദേശിച്ചു. പ്രധാനമന്ത്രി ആവാസ് യോജനയില്‍ പുതിയ ഗുണഭോക്തൃലിസ്റ്റ് അംഗീകരിച്ചു കിട്ടാന്‍ നടപടി സ്വീകരിക്കുമെന്നും എം.പി. ഉറപ്പ് നല്കി.
സന്‍സദ് ആദര്‍ശ് ഗ്രാമ യോജന രണ്ടാം ഘട്ടത്തില്‍ ഏറ്റെടുത്ത ഗ്രാമപഞ്ചായത്തുകളില്‍ കേന്ദ്ര സംസ്ഥാനാവിഷ്കൃത പദ്ധതികള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ നടപ്പിലാക്കണമെന്നും 2024 ഓടെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുന്നതിനായി ജല്‍ജീവന്‍ മിഷന് പ്രയോജനപ്പെടുത്തണം. എന്‍.എച്ച്.എം ന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമായി നടപ്പിലാക്കണമെന്നും എം.പി.ഫണ്ട് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തണമെന്നും നിര്‍ദ്ദേശിച്ചു.
യോഗത്തില്‍ കേന്ദ്രാവിഷ്കൃത പദ്ധതികളായ, മഹാത്മാഗാന്ധി. എന്‍.ആര്.ഇ.ജി.എസ്, പി.എം.എ.വൈ, പി.എം.ജി.എസ്.വൈ, സ്വച്ഛ് ഭാരത് മിഷന്, ദേശീയ കുടുംബ സഹായനിധി, എ.ആര്.ഡബ്ല്യു.എസ്.പി, ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതി. എന്‍.എച്ച്.എം. പദ്ധതികള്‍, ദേശീയ ഗ്രാമീണ ഉപജീവന മിഷന് (എന്‍.ആര്.എല്‍.എം) ഐ.സി.ഡി.എസ്, പ്രധാനമന്ത്രി പരമ്പരാഗത കൃഷി വികാസ് യോജന, പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന, സമഗ്ര ശിക്ഷാ അഭിയാന് പ്രധാന് മന്ത്രി ഭാരതീയ ജന്‍ഔഷധി പരിയോജന, പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രം, പ്രധാനമന്ത്രി ജന്‍ധന്‍ യോജന തുടങ്ങിയ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പുരോഗതി അവലോകനം നടത്തി.
എം.എല്‍.എ മാരായ ഉബൈദുള്ള, ടി.എ.അഹമ്മദ് കബീര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി. ഉണ്ണികൃഷ്ണന്, ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്, രാഹുല്‍ ഗാന്ധി എം.പിയുടെ പ്രതിനിധി ഇ. മുഹമ്മദ് കുഞ്ഞി, പി.വി. അബ്ദുള്‍ വാഹാബ് എം.പിയുടെ പ്രതിനിധി വി. ഉമ്മര്‍കോയ, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി യുടെ പ്രതിനിധി സലീം കുരുവമ്പലം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അസോസിയേഷന് പ്രസിഡണ്ട് അബ്ദുള്‍ കലാം മാസ്റ്റര്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയരക്ടര്‍ പ്രീതി മേനോന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, മുനിസിപ്പല്‍ ചെയര്‍ പേഴ്സണ്‍മാര്‍, ദിശ നോമിനേറ്റഡ് അംഗങ്ങള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments