Skip to main content

സാമൂഹ്യ വനവത്ക്കരണ വിഭാഗം മലപ്പുറം ഡിവിഷന്‍ ഓഫീസ് വന വിഭവ വിപണന കേന്ദ്രമായി ഉയര്‍ത്തും: -മന്ത്രി അഡ്വ. കെ. രാജു

 

മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പുതിയ ഓഫീസ് കെട്ടിടത്തിന് മന്ത്രി ശിലപാകി

 

മലപ്പുറം സിവില്‍ സ്റ്റേഷനില്‍ നിര്‍മിക്കുന്ന സാമൂഹ്യ വനവത്കരണ വിഭാഗം മലപ്പുറം ഡിവിഷന്‍ ഓഫീസില്‍ വന വിഭവങ്ങളും പ്രാദേശിക ആവശ്യങ്ങള്‍ക്കുള്ള തടിയും ലഭ്യമാകുന്ന ചെറുകിട വിപണന കേന്ദ്രം യാഥാര്‍ഥ്യമാക്കുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. പുതിയ ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം വീഡിയോ കോണ്‍ഫറന്‍സിങിലൂടെ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വനം വകുപ്പിന്റെ ഡിപ്പോകളില്‍ ഈടാക്കുന്ന വിലക്ക് തന്നെ വീട് നിര്‍മാണമുള്‍പ്പെടെയുള്ള ചെറുകിട നിര്‍മാണ പ്രവൃത്തികള്‍ക്ക് മരം ലഭ്യമാക്കുക എന്ന സര്‍ക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന്റ ഭാഗമായിട്ടാണിത്. വനവാസികള്‍ ശേഖരിക്കുന്നതടക്കമുള്ള വന വിഭവങ്ങളും വിപണന കേന്ദ്രത്തില്‍ ലഭ്യമാക്കും. ഇതോടെ വനത്തിനു പുറത്തുള്ള ജില്ലയിലെ ഏക വനം വകുപ്പ് ഓഫീസ് കൂടുതല്‍ ജനകീയവും സജീവവുമാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

സാമൂഹ്യ വനവത്കരണ രംഗത്ത് മലപ്പുറം ജില്ലയുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തിന് മാതൃകയാണ്. ജനപങ്കാളിത്തത്തോടെ വനത്തിന് പുറത്തും ഹരിതവത്കരണം യാഥാര്‍ഥ്യമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. പരിസ്ഥിതി ദിനത്തിലും മറ്റുമായി ജില്ലയില്‍ നട്ടുപിടിപ്പിച്ച തൈകളില്‍ 60 ശതമാനത്തിന്റേയും വളര്‍ച്ച ഉറപ്പാക്കാനായിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കുമൊപ്പം തൈകളുടെ പരിപാലനം ജനങ്ങളും ഏറ്റെടുത്തതിന്റെ തെളിവാണിത്. തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ചുള്ള സാമൂഹ്യ വനവത്കരണത്തിലൂടെ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കാനും ജില്ലയില്‍ വനം വകുപ്പിന് സാധിച്ചതായി മന്ത്രി വിലയിരുത്തി.

സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ജില്ലയില്‍ പുതിയ ഓഫീസ് ഒരുങ്ങുന്നത്. മലപ്പുറം സിവില്‍ സ്റ്റേഷന്‍ പരിസരത്ത് റവന്യൂ വകുപ്പ് അനുവദിച്ച 10 സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. ഡിജിറ്റല്‍ സംവിധാനത്തിലൂടെ ശിലാ ഫലകം മന്ത്രി അനാഛാദനം ചെയ്തു. കേരള പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ് കെട്ടിട നിര്‍മാണ ചുമതല.

ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍, ഉപാധ്യക്ഷ സക്കീന പുല്‍പ്പാടന്‍, നഗരസഭാധ്യക്ഷ സി.എച്ച്. ജമീല, വനം വകുപ്പ് മേധാവി പി.കെ. കേശവന്‍, ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, പ്ലാനിങ് ആന്‍ഡ് ഡെവലപ്‌മെന്റ് പി.സി.സി.എഫ്. ദേവേന്ദ്രകുമാര്‍ വര്‍മ്മ, സോഷ്യല്‍ ഫോറസ്ട്രി പി.സി.സി.എഫ്. ഇ. പ്രദീപ്കുമാര്‍, കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രിയിലെ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് എന്‍.ടി. സാജന്‍, കേരള പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ചീഫ് എഞ്ചിനീയര്‍ ഇന്‍ചാര്‍ജ്ജ് ജോസ്. എച്ച്. ജോണ്‍സ്, മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി എ.സി.എഫ്. എ.പി. ഇംതിയാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
 

date