സാക്ഷരതാ മിഷന്റെ വണ്ടൂര്‍ ബ്ലോക്ക് തല വികസന വിദ്യാകേന്ദ്രം നാടിന് സമര്‍പ്പിച്ചു
സാക്ഷരതാ മിഷന്റെ വണ്ടൂര്‍ ബ്ലോക്ക് തല വികസന വിദ്യാകേന്ദ്രം ഇനി സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും. സാക്ഷരതാ ദിനമായ ഇന്നലെ എ.പി അനില്‍കുമാര്‍ എം.എല്‍.എ കെട്ടിടം നാടിന് സമര്‍പ്പിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 15 ലക്ഷം രൂപ ചെലവഴിച്ചാണ് സാക്ഷരതാ ഭവന്‍ നിര്‍മിച്ചത്. ബ്ലോക്ക് പഞ്ചായത്ത് 30000 രൂപ ചെലവില്‍ കെട്ടിടം പൂര്‍ണമായി വൈദ്യുതീകരിച്ചു. ക്ലാസ് മുറികള്‍, ലൈബ്രറി, ഹാള്‍, കമ്പ്യൂട്ടര്‍ സൗകര്യം എന്നിവയോട് കൂടിയ ഒരു നില കെട്ടിടം ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിനുള്ളില്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസിനോട് ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. തുല്യതാ പഠന ക്ലാസുകളും പഠിതാക്കള്‍ക്ക് തൊഴില്‍ പരിശീലനവും ഇവിടെ നല്‍കി വരുന്നുണ്ട്.
സാക്ഷരതാ പ്രവര്‍ത്തകര്‍ നിര്‍മിച്ച മാസ്‌കുകളും ചടങ്ങില്‍ വിതരണം ചെയ്തു. വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് ആസ്യ ടീച്ചര്‍ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് വി.നാരായണന്‍, വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ സാജിദ, ബ്ലോക്ക് സെക്രട്ടറി എ.ജെ സന്തോഷ് എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് സാക്ഷരത നോഡല്‍ പ്രേരക് ഇ. സന്തോഷ് കുമാറിന് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ഏര്‍പ്പെടുത്തിയ ഉപഹാരം എം.എല്‍.എ സമര്‍പ്പിച്ചു. ബ്ലോക്ക് ഭരണസമിതി അംഗങ്ങള്‍ ചടങ്ങിന് നേതൃത്വം നല്‍കി.
- Log in to post comments