കരുതാം വയോജനങ്ങളെ, അകറ്റാം മഹാമാരിയെ; വയോക്ഷേമ കാൾ സെന്റർ ആരംഭിച്ച് തൃശൂർ ജില്ല
കോവിഡ്- 19 ന്റെ പശ്ചാത്തലത്തിൽ വയോജനങ്ങൾക്ക് കൂടുതൽ പരിഗണനയും കരുതലും നൽകുന്നതിന്റെ ഭാഗമായി ജില്ലയിൽ വയോക്ഷേമ കോൾ സെന്റർ ആരംഭിച്ചു. വയോജനങ്ങൾക്ക് മരുന്ന്, ചികിത്സ, ഭക്ഷണം, വിശ്രമം തുടങ്ങി മറ്റു അടിസ്ഥാന ആവശ്യങ്ങൾ ഉറപ്പാക്കുകയും ജില്ലാതല വയോജന സെൽ വിപുലീകരിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. തൃശൂർ അയ്യന്തോൾ ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ ആരംഭിച്ച കോൾ സെന്ററിന്റെ ഉദ്ഘാടനം ഗവ. ഓൾഡേജ് ഹോമിലെ അന്തേവാസിയെ വിളിച്ച് ജില്ലാ കളക്ടർ എസ് ഷാനവാസ് നിർവ്വഹിച്ചു.
ജില്ലാ സാമൂഹ്യനീതി ഓഫീസർ നോഡൽ ഓഫീസറായ വയോക്ഷേമ കോൾ സെന്ററിൽ രണ്ട് ഷിഫ്റ്റുകളിലായി 10 പേരടങ്ങുന്ന കാൾ സെന്റർ വളണ്ടിയർമാരായിരിക്കും പ്രവർത്തിക്കുക. അധ്യാപകർ, ഐ സി ഡി എസ് സൂപ്പർവൈസർമാർ / അങ്കണവാടി വർക്കർ, എം എസ് ഡബ്ല്യു വിദ്യാർത്ഥികൾ, സന്നദ്ധ സേന / കുടുംബശ്രീ പ്രവർത്തകർ എന്നിവരടങ്ങുന്നതാണ് കോൾ സെന്റർ പ്രവർത്തകർ. ഇതോടെ വൈറസ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ 60 വയസ്സിന് മുകളിലുള്ളവർക്ക് പരാശ്രയം കൂടാതെ ആവശ്യമായ സൗകര്യങ്ങൾ വാതിൽക്കൽ എത്തിക്കാനാവും.
വനിതാ ശിശു വികസന വകുപ്പിലെ അങ്കണവാടി പ്രവർത്തകർ മുഖേന ഇതിനോടകം ജില്ലയിലെ വിവിധ ഇടങ്ങളിൽ നിന്നായി 4.25 ലക്ഷം വയോജനങ്ങളുടെ പേര് വിവരങ്ങളും ഫോൺ നമ്പറും കോൾ സെന്ററിൽ ശേഖരിച്ചിട്ടുണ്ട്. സംസ്ഥാനം ഒട്ടാകെ നടപ്പിലാക്കുന്ന പദ്ധതി സർക്കാർ നിർദ്ദേശിച്ച കോവിഡ്- 19 റിവേഴ്‌സ് ക്വാറന്റൈൻ എന്ന ആശയത്തിന്റെ ഭാഗമായാണ് നടപ്പാക്കുന്നത്. വയോജനങ്ങളുടെ പ്രശ്‌ന പരിഹാരത്തിനായി തൃശൂർ ജില്ലാ വയോക്ഷേമ കോൾ സെന്ററിന്റെ നമ്പറായ 0487-2224050 എന്ന നമ്പറിൽ വിളിക്കാം.
ഉദ്ഘാടന ചടങ്ങിൽ തൃശൂർ ജില്ലാ സാമൂഹ്യനീതി ഓഫീസർ ഇൻ ചാർജ് കെ ജി രാഗപ്രിയ, ഐ സി ഡി എസ് പ്രോഗ്രാം ഓഫീസർ ചിത്രലേഖ, ജില്ലാ മിഷൻ പ്രോഗ്രാം മാനേജർ വിനീത, കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ കോ-ഓർഡിനേറ്റർ കെ പി സജീവ്, അയ്യന്തോൾ ഗവ.ഹയർ സെക്കന്ററി സ്‌കൂൾ പ്രിൻസിപ്പാൾ ആരിഫ എന്നിവർ പങ്കെടുത്തു.
- Log in to post comments