Skip to main content

പൊന്നാനി അഴീക്കല്‍ ഫിഷറീസ് സ്‌കൂളിന് ഇനി പുതിയ കെട്ടിടം

 

കെട്ടിടം  സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു

 

 തീരദേശ മേഖലയിലെ  വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്ന പൊന്നാനി അഴീക്കല്‍ ഗവ.ഫിഷറീസ് സ്‌കൂളിന് സ്വന്തം കെട്ടിടമായി. സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം  സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. സ്പീക്കറുടെ എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍ നിന്ന് 55 ലക്ഷവും  പൊന്നാനി നഗരസഭയുടെ തനത് ഫണ്ടില്‍ നിന്ന് 24 ലക്ഷവും ചെലവഴിച്ചാണ് കെട്ടിടമൊരുക്കിയിരിക്കുന്നത്. അറുപത് വര്‍ഷത്തിനു ശേഷമാണ് അഴീക്കല്‍ ഗവ. ഫിഷറീസ് എല്‍.പി സ്‌ക്കൂള്‍ സ്വന്തം കെട്ടിടത്തിലേക്ക് മാറുന്നത്.  പ്രദേശത്തെ മുനവ്വിറുല്‍ ഇസ്ലാം മദ്‌റസ കെട്ടിടത്തിലാണ് കാലങ്ങളോളം സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.

1960 ലാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സ്‌കൂള്‍ ആരംഭിക്കുന്നത്. പിന്നീട് ഈ സ്ഥലം മഹല്ല് കമ്മിറ്റി വാങ്ങിക്കുകയും സ്‌കൂളും മദ്രസ്സയും ഒരേ കെട്ടിടത്തില്‍ നടത്തുകയും ചെയ്തു. ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തയും സ്ഥിരം അധ്യാപകരില്ലാത്തതും കാരണം കുട്ടികള്‍ ഒഴിഞ്ഞു പോകാനും തുടങ്ങി. സ്‌കൂള്‍ അടച്ചുപൂട്ടലിലേക്കെത്തിയതോടെ പി.ടി.എയും മഹല്ല് കമ്മിറ്റിയും നാട്ടുകാരും സ്‌കൂള്‍ നിലനിറുത്താനുള്ള ശ്രമങ്ങള്‍  നടത്തിയതിനെ തുടര്‍ന്ന് സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥലം സര്‍ക്കാറിന് വിട്ടുകൊടുക്കാന്‍ മഹല്ല് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. നിലവിലെ നഗരസഭാ ഭരണ സമിതി വന്നതിന് ശേഷം മദ്‌റസാ കമ്മറ്റി ഭൂമി സ്‌കൂളിനായി വിട്ടു നല്‍കുകയും, സ്പീക്കറുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 55 ലക്ഷം രൂപ വകയിരുത്തി പുതിയ ഇരുനില കെട്ടിടം നിര്‍മിക്കുകയുമായിരുന്നു.  തൊട്ടടുത്ത ആറു സെന്റ് സ്ഥലം ഇതോടൊപ്പം പൊന്നാനി നഗരസഭ വില നല്‍കി വാങ്ങുകയും നഗരസഭയുടെ തനത് ഫണ്ടില്‍ നിന്ന് 7.4 ലക്ഷം രൂപ ചെലവഴിച്ച് അടുക്കള, ഓഫീസ്, കമ്പ്യൂട്ടര്‍ ലാബ് എന്നിവ നിര്‍മിക്കുകയും ചെയ്തു.  പൊതു വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 24 ലക്ഷം രൂപ ചെലവില്‍ ഓഫീസ്, അടുക്കള, ടോയ്‌ലറ്റ് സൗകര്യം, സ്മാര്‍ട്ട് ക്ലാസ് റൂം എന്നിവ നിര്‍മിച്ചു. സ്‌കൂളിന് ചുറ്റും ടൈല്‍ വിരിച്ച് നടപ്പാതയൊരുക്കാന്‍ 10 ലക്ഷം രൂപയും ചെലവഴിച്ചു.

നഗരസഭയുടെ 2020- 21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചുറ്റുമതിലും ഗേറ്റും നിര്‍മ്മിക്കുന്നുണ്ട്. ഇതോടുകൂടി കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ രണ്ടു പൊതു വിദ്യാലയങ്ങളാണ് വാടക കെട്ടിടത്തില്‍ നിന്നും മോചനമാകുന്നത്. കഴിഞ്ഞ ദിവസം അന്തരിച്ച പൊന്നാനിയിലെ സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഉമ്മര്‍കുട്ടിയുടെ നാമധേയത്തില്‍ മുഴുവന്‍ ക്ലാസ് മുറികളിലും ലൈബ്രറികള്‍ സ്ഥാപിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു.

നഗരസഭ ചെയര്‍മാന്‍ സി.പി.മുഹമ്മദ് കുഞ്ഞി അധ്യക്ഷനായി. സ്‌കൂളിനായി സ്ഥലം വിട്ടുനല്‍കിയ മുനവ്വിറുല്‍ ഇസ്ലാം മഹല്ല് കമ്മറ്റിക്കുള്ള അനുമോദനം മഹല്ല് സെക്രട്ടറി റസാഖ്  ഏറ്റുവാങ്ങി. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ടി.മുഹമ്മദ് ബഷീര്‍,എ.ഇ.ഒ.സുനിജ, പി.ടി.എ പ്രസിഡന്റ് ബാബു പൂളക്കല്‍ വാര്‍ഡ് കൗണ്‍സിലര്‍  സൈഫു പൂളക്കല്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് റസിയ  എന്നിവര്‍ സംസാരിച്ചു.
 

date